KeralaLatest NewsNews

സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയോട് ക്രൂരത കാട്ടി പോലീസ്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്താന്‍ എത്തിയ ജിഷ്ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും പോലീസ് തടഞ്ഞു. സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയോട് പോലീസ് ക്രൂരത കാട്ടി.

പോലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു. പിന്നീട് എആര്‍ ക്യാമ്പിലേക്ക് ഇവരേയും കൂടെയുള്ളവരേയും ബലം പ്രയോഗിച്ച് മാറ്റി. പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം പാടില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ഡിജിപി മഹിജയെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും പോലീസ് ആസ്ഥാനത്തേക്ക് കടക്കാന്‍ പോലും പോലീസ് അനുവദിച്ചില്ല. ആസ്ഥാനത്തിന് മുന്നില്‍ ജിഷ്ണുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് തടയുകയായിരുന്നു.

പോലീസ് ആസ്ഥാനത്തേക്ക് ഇവര്‍ പ്രവേശിക്കാതിരിക്കാന്‍ വടം കെട്ടിത്തിരിച്ചിരുന്നു. ഡിജിപി ഓഫീസിന് മുന്നില്‍ സമരം പാടില്ല, വേണമെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്താം എന്നായിരുന്നു പോലീസ് നിലപാട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സമരം നടത്താനായി ജിഷ്ണുവിന്റെ കുടുംബം എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ വിട്ടയക്കുകയായിരുന്നു. ഇത് നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ ആരോപിച്ചിരുന്നു. കൃത്യമായ ഉറപ്പുകള്‍ ലഭിച്ചാല്‍ മാത്രമേ ഡിജിപിയുമായി ചര്‍ച്ച നടത്തുകയുള്ളൂ എന്നും മഹിജ വ്യക്തമാക്കിയിരുന്നു.

നാട്ടുകാര്‍ ഉള്‍പ്പെടെ 16 അംഗം സംഘമാണ് കേസില്‍ നീതിലഭിക്കണം എന്ന വിഷയമുയര്‍ത്തി സമരം നടത്താനായി എത്തിയത്. ജിഷ്ണു മരിച്ച് 80 ദിവസമായിട്ടും കേസില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സമരത്തിനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button