NewsIndia

ദലൈലാമയുടെ ഇന്ത്യ സന്ദര്‍ശനം; താക്കീതുമായി വീണ്ടും ചൈന

ബീജിങ്: ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് വീണ്ടും ചൈനയുടെ വിലക്ക്. ദലൈലാമയെ ഇന്ത്യ സന്ദർശിക്കാൻ അനുവദിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൈന വ്യക്തമാക്കി. അടുത്ത ആഴ്ച അരുണാചല്‍ പ്രദേശിലെത്തുന്ന ദലൈ ലാമയെ പ്രവേശിപ്പിക്കരുതെന്ന് രണ്ടാം തവണയാണ് ചൈന ആവശ്യപ്പെടുന്നത്.

ദലൈ ലാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയുടെ കിഴക്കന്‍ ഭാഗത്തെ സംബന്ധിച്ച് ചൈനയുടെ നിലപാട് വ്യക്തമാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു.

ചൈനാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ദലൈ ലാമയും സംഘവും ഏറെക്കാലമായി ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് ഇന്ത്യയ്ക്ക് വ്യക്തമായ അറിവുള്ളതാണ്. എന്നിട്ടും ഇപ്പോള്‍ ദലൈ ലാമയെ പ്രദേശം സന്ദര്‍ശിക്കാന്‍ ഇന്ത്യ ക്ഷണിച്ചിരിക്കുകയാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വലിയ ദോഷം ചെയ്യുമെന്ന് ലു കാങ് പറഞ്ഞു. ഏപ്രില്‍ നാല് മുതല്‍ 13 വരെയാണ് ദലൈ ലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഇതുമായി ബന്ധപ്പെട്ട് ചൈന അഭിപ്രായപ്രകടനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നപ്പോഴും ചൈന പ്രതിഷേധം അറിയിച്ചിരുന്നു.

അരുണാചല്‍ സന്ദര്‍ശനത്തില്‍ തവാങിലെ ബുദ്ധവിഹാരത്തില്‍ ദലൈ ലാമ പ്രസംഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്താണ് ബുദ്ധവിഹാരം എന്നാണ് ചൈന പറയുന്നത്. 2009ലെ ആഘോഷത്തില്‍ ദലൈലാമ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button