KeralaNews

സംസ്ഥാനം നാളെ നിശ്ചലമാകും : പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

തിരുവനന്തപുരം: സംസ്ഥാനം നാളെ നിശ്ചലമാകും. ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കും. വാഹന ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത്. 24 മണിക്കൂറാണ് വാഹന പണിമുടക്ക് . സ്വകാര്യ ബസ്, ടെമ്പോ, ട്രക്കര്‍, ജീപ്പ്, ലോറി ഓട്ടോറിക്ഷ, ടാക്‌സി തുടങ്ങിയവയെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, കെ.ടി.യു.സി യൂണിയനുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം ബി.എം.എസ് പണിമുടക്കില്‍ നിന്ന് വിട്ടു നില്‍ക്കും.

മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അമ്പത് ശതമാനം വര്‍ധിപ്പിക്കുവാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്.

ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അമ്പത് ശതമാനം വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിട്ടിയുടെ നിര്‍ദേശം. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ഉത്തരവ് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അമ്പത് ശതമാനം വര്‍ധിപ്പിക്കുന്നതോടെ പുതിയ വാഹനം വാങ്ങുന്നവര്‍ക്കും നിലവിലെ ഇന്‍ഷുറന്‍സ് പുതുക്കുന്നവര്‍ക്കും പ്രീമിയം ചിലവില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടാകുന്നത്. മോട്ടോര്‍ വാഹന നിയമ പ്രകാരം മറ്റ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ പോലെ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഇന്‍്ഷ്വറന്‍സാണിത്.

shortlink

Post Your Comments


Back to top button