KeralaNews

റിയല്‍ എസ്റ്റേറ്റ് മേഖല വന്‍ പ്രതിസന്ധിയില്‍ : കോടികളുടെ തിരിച്ചടവ് മുടങ്ങി : പ്രമുഖ ഫ്‌ളാറ്റ് ഉടമയുടെ ഉടമസ്ഥതയിലുള്ള കെട്ടിട സമുച്ഛയങ്ങള്‍ ലേലത്തിന്

കൊച്ചി: സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് വിപണി വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ഉള്ള ഹീര കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. . ഫ്‌ളാറ്റുകള്‍ നിര്‍മ്മിയ്ക്കാന്‍ കെ.എഫ്.സിയില്‍ നിന്നും കോടികള്‍ കടമെടുത്ത് അത് തിരിച്ചടയ്ക്കാനാകാതെ ലേലനടപടി നേരിടുന്നത്.

കേരളത്തിലെ പ്രമുഖ ഫ്‌ളാറ്റ് നിര്‍മ്മാതാക്കാളായ ഹീരയുടെ തൃപ്പൂണിത്തുറയിലുള്ള ഹീര ലൈഫ് സ്റ്റൈല്‍ എന്ന ബഹുനില വ്യാപാര സമുച്ചയം ലേലത്തിന് വച്ചിരിക്കുകയാണ്.
160000 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില ഷോപ്പിങ് കോംപ്ലക്‌സിന് ഇരുപത്തി ഒന്‍പത് കോടി രൂപയാണ് കെ.എഫ്.സി വിലയിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച പരസ്യം ഈ മാസം ആറിന് കെ.എഫ്.സിയുടെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പത്തൊന്‍പത് കോടി മുപ്പത്തിയഞ്ച് ലക്ഷത്തി പതിനെണ്ണായിരത്തി പതിനേഴ് (19,35,18,017) രൂപയാണ് ജനുവരി മാസം വരെ കെ.എഫ്.സിയില്‍ ഹീര ഗ്രൂപ്പ് കുടിശിക വരുത്തിയിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ ഇരുമ്പനത്തെ ടോള്‍ ജംഗ്ഷന് സമീപത്തെ 85.73 സെന്റിലാണ് ഹീര ലൈഫ്‌സ്റ്റൈല്‍ എന്ന ഈ വാണിജ്യസമുച്ചയം സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍ നാലോടെ ലേലം ഉറപ്പിക്കും. ഒരു കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയാണ് ഇ.എം.ഡിയായി കെട്ടിവയ്‌ക്കേണ്ടത്.

വായ്പാ തിരിച്ചടവില്‍ കുടിശിക വരുത്തിയതിനെത്തുടര്‍ന്ന് 2015 ഒക്ടോബര്‍ 16-ന് ആണ് കെ.എഫ്.സി ഹീര ഗ്രൂപ്പിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പലിശ അടയ്ക്കാന്‍ വായ്പ്പക്കാരന്‍ തയാറായില്ല. അത്രയേറെ പ്രതിസന്ധിയിലാണ് ഹീര. ഇതേത്തുടര്‍ന്ന് 2016 ജനുവരി 13- ജപ്തി നോട്ടീസ് നല്‍കുകയും ഈ വാണിജ്യ സമുച്ചയം കെ.എഫ്.സി ഏറ്റെടുക്കുകയുമായിരുന്നു. സംസ്ഥാന ഉന്നത രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളായിരുന്നു ഹീര ബില്‍ഡേഴ്‌സ് ഉടമ ഹീര ബാബു എന്ന അബ്ദുള്‍ റഷീദ്. ചുരുങ്ങിയ വര്‍ഷം കൊണ്ടാണ് ഹീര ബാബു നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് സംസ്ഥാനത്തുടനീളം ഫ്‌ളാറ്റുകള്‍ പടുത്തുയര്‍ത്തിയതും കോടീശ്വരനായി വളര്‍ന്നതും.

നോട്ട് നിരോധിച്ചതും ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തതുമാണ് ഹീര ഗ്രൂപ്പിനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് സൂചന. വായ്പാതിരിച്ചടവ് മുങ്ങിയതിനെത്തുടര്‍ന്ന് ഹീരയുടെ നാല് സ്ഥലങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്കും ജപ്തി ചെയ്തിട്ടുണ്ട്.
കെ.എഫ്.സിയിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ഹീരയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ സംശയാസ്പദ അക്കൗണ്ടുകളാക്കി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് ഹീരാ എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് താലൂക്കിലെ 2 സ്ഥലങ്ങള്‍, ഹീരാ ഗ്രൂപ്പിന്റെ ഉടമ ഹീരാ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 2 സ്ഥലങ്ങള്‍ എന്നിവയാണ് ജപ്തി ചെയ്തത്. നെടുമങ്ങാട് താലൂക്കിലെ പനവൂര്‍ വില്ലേജിലാണ് സ്ഥലങ്ങള്‍. ഹീര ലൈഫ് സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ കവടിയാറിലുള്ള സ്ഥലവും ബാങ്ക് കൈവശപ്പെടുത്തി. 14 കോടി 11 ലക്ഷം രൂപയുടെ ഒരു ലോണും 16 കോടി 2 ലക്ഷം രൂപയുടെ മറ്റൊരു ലോണുമാണ് ഹീരാ ബാങ്കില്‍ നിന്ന് എടുത്തിരുന്നത്.

ഹീരയിലെ കുടിശിഖ പിടിക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്കും പത്രപരസ്യം നല്‍കിയിരുന്നു. മാതൃഭൂമി ദിനപത്രത്തില്‍ ഒക്ടോബര്‍ 26 നാണു പരസ്യം നല്‍കിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പാല്‍ക്കുളങ്ങര ശാഖയില്‍ നിന്നാണ് ഹീര ലോണ്‍ എടുത്തത്. 2 ലോണുകളിലായി 30 കോടി രൂപയാണ് എടുത്തത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഹീരയ്ക്ക് നോട്ടീസ് അയച്ചു. ലോണ്‍ തുക 60 ദിവസത്തിനകം തിരിച്ചടയ്ക്കണമെന്നായിരുന്നു ഡിമാന്റ് നോട്ടീസിലെ ആവശ്യം. എന്നാല്‍ ഹീര തുക തിരിച്ചടച്ചില്ല. ഇതോടെയാണ് ഈ വസ്തുക്കള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് കൈവശപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button