കൊല്ലം: കുണ്ടറയിലേതുപോലെ സമാനസംഭവം കരുനാഗപള്ളിയിലും . കരുനാഗപ്പള്ളിയില്‍ തൂങ്ങി മരിച്ച പന്ത്രണ്ട് വയസുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ് മാര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് വിവരം പൊലീസിന് കൈമാറിയത്. പെണ്‍കുട്ടിയുടെ ശരീരത്തിലും രഹസ്യ ഭാഗങ്ങളിലും ചെറിയ മുറിവുകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ ദിവസമാണ് കുലശേഖരപുരം സ്വദേശിനി പ്രീതി(12)യെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുലശേഖരപുരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു. പരീക്ഷയായതിനാല്‍ നേരത്തെ മുറിയില്‍ കയറി കതകടച്ചിരുന്നു പഠിക്കുകയായിരുന്നു പ്രീതി.
പിറ്റേന്ന് രാവിലെ അമ്മ വിളിച്ചിട്ട് മുറിയില്‍ നിന്നും പ്രതികരണമൊന്നുമുണ്ടാകാഞ്ഞതിനെ തുടര്‍ന്ന് ഇളയ മകന്‍ പ്രവീണ്‍ വീടിന് പുറകു വശത്തുള്ള ജനാല തുറന്ന് നോക്കുമ്പോഴാണ് പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
മൃതദേഹം കണ്ട പ്രവീണിന്റെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ മുറിയുടെ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറി. പെണ്‍കുട്ടി മരിച്ചു എന്നറിഞ്ഞതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജനാലയില്‍ തൂങ്ങി നിലയിലായിരുന്ന മൃതദേഹത്തിന്റെ മുട്ടുകള്‍ നിലത്ത് കുത്തിയ നിലയിലായതിനാല്‍ പൊലീസിന് പ്രഥമ ദൃഷ്ടിയാല്‍ മരണത്തില്‍ സംശയം തോന്നി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ഡോ.സതീഷ് ബിനോയെ വിവരമറിയിക്കുകയായിരുന്നു.
കമ്മീഷ്ണറുടെ നിര്‍ദേശ പ്രകാരം കൊല്ലത്ത് നിന്നും ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവസ്ഥലത്തെത്തിയ കമ്മീഷ്ണറുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മാര്‍ട്ടത്തിനായി അയച്ചു.
മരിച്ച പെണ്‍കുട്ടി ഏറെ നാളായി അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് പഠിച്ചു കൊണ്ടിരുന്നത്. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസമാണ് സ്വന്തം വീട്ടില്‍ തിരികെ എത്തിയത്. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെ ചുറ്റിപ്പറ്റിയായിരുന്നു അന്വഷണം. ഇയാളെ കൂടാതെ മറ്റു രണ്ടു പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.
Post Your Comments