NewsIndia

ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ ഭര്‍ത്താവ് ഒടുവില്‍ നാട്ടിലെത്തി

കൊച്ചി: കഴിഞ്ഞവര്‍ഷം ഒമാനില്‍ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സന്‍ തോമസ് നാട്ടില്‍ തിരിച്ചെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമാന്‍ പോലീസ്, ലിന്‍സന്റെ യാത്രയ്ക്ക് ഒരു വര്‍ഷമായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു.

പ്രതികളെ കുറിച്ച് സൂചന നല്‍കുന്ന യാതൊന്നും പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ ലിന്‍സനെ സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. എങ്കിലും ലിന്‍സന്റെ പാസ്‌പോര്‍ട്ട് പോലീസ് വിട്ടുകൊടുക്കാതിരുന്നതിനാല്‍ ഒരു വര്‍ഷമായി ഒമാനില്‍ കുടുങ്ങിയ നിലയിലായിരുന്നു ലിന്‍സണ്‍. കഴിഞ്ഞദിവസം ഒമാന്‍ റോയല്‍ പോലീസ്, പാസ്‌പോര്‍ട്ട് തിരികെ നല്‍കിയയതിനെ തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്.

നാട്ടില്‍ എത്താനായെങ്കിലും പ്രണയിച്ചു സ്വന്തമാക്കിയ പ്രിയതമയുടെ ദാരുണ അന്ത്യത്തെയും തുടര്‍ന്നുള്ള ഔദ്യോഗിക നടപടി ക്രമങ്ങളുടെ ബുദ്ധിമുട്ടുകളും നല്‍കിയ മാനസിക ആഘാതത്തില്‍ നിന്ന് ഇതുവരെ മോചിതനായിട്ടില്ല ലിന്‍സണ്‍.

ഭാര്യയുടെ മരണത്തില്‍ ഒമാന്‍ പോലീസ് കസ്റ്റഡിയെടുത്തത് നടപടി ക്രമങ്ങളുടെ ഭാഗമായിട്ടാണെങ്കിലും തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് വേദനിപ്പിച്ചെന്ന് ലിന്‍സന്‍ പറഞ്ഞു. ഒമാന്‍ അധികൃതര്‍ വളരെ മാന്യമായാണ് പെരുമാറിയതെന്നും താന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് വിട്ടയച്ചതെന്നും ഇപ്പോള്‍ പാസ്‌പോര്‍ട്ട് തിരികെ തന്നതെന്നും ലിന്‍സന്‍ പറഞ്ഞു.

അതേസമയം, സലാലയിലെ ബദര്‍ അല്‍ സമ ആശുപത്രിയിലെ നഴ്‌സായിരുന്നു ചിക്കു മരിച്ചതിനു സമാനമായി വേറെയും ഇന്ത്യക്കാര്‍ ഒമാനില്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് വിശദമായ അന്വേഷണത്തിലാണ് ഒമാന്‍ പോലീസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമാനമായ ഏഴോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button