മലയാളിയായ കണ്ണൂര്‍ സ്വദേശി ശ്രീദീപ് സി.കെ. അലവിന് ഗൂഗിളിന്റെ അംഗീകാരം. ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയിലാണ് ശ്രീദീപ് ഇടം നേടിയത്. വിരലില്‍ എണ്ണാവുന്ന മലയാളികള്‍ മാത്രമേ പട്ടികയില്‍ ഇതുവരെ ഇടംനേടിയിട്ടുള്ളൂ. ഗൂഗിളിലെ പിഴവ് ചൂണ്ടിക്കാണിച്ചതാണ് എത്തിക്കല്‍ ഹാക്കറായ ശ്രീദീപിന് അംഗീകാരം നേടിക്കൊടുത്തത്. ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിന്‍, വെബ്‌സൈറ്റുകള്‍, ആപ്പുകള്‍ തുടങ്ങിയവയിലെ സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തുന്നതിനായി നടത്തിവരുന്ന പദ്ധതിയാണ് ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Google Vulnerability Reward Program). ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഈ പ്രോഗ്രാമിന്റെ ഭാഗമാകുന്നു.
ഗൂഗിളിന്റെ സപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ ‘ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിംഗ്’ എന്ന ബഗ്ഗാണ് ശ്രീദീപ് റിപ്പോര്‍ട്ട് ചെയ്തത്. താന്‍ കണ്ടുപിടിച്ച ബഗ്ഗ് ഗൂഗിള്‍ അംഗീകരിച്ചത് കൊണ്ടാണ് ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും ഈ പിഴവ് ശരിയാക്കാന്‍ സമയമെടുക്കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ടെന്നും ശ്രീദീപ് പറയുന്നു.
സുരക്ഷാവീഴ്ച് കണ്ടെത്തുന്നവര്‍ക്ക് 1000 ഡോളര്‍ മുതല്‍ 33,000 ഡോളര്‍ വരെ ഗൂഗിള്‍ പാരിതോഷികം നല്‍കുന്നുണ്ട്. ഗൂഗിള്‍ മാത്രമല്ല മൈക്രോസോഫ്റ്റ്, യാഹൂ, ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്രമുഖ ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ ‘ബഗ് ബൗണ്ടി’ പ്രോഗ്രാമുകളുണ്ട്. എത്തിക്കല്‍ ഹാക്കര്‍മാരാണ് ബഗ് ബൗണ്ടിയില്‍ പങ്കെടുക്കുന്നതും പാരിതോഷികം നേടുന്നതും.
ഗൂഗിള്‍ ഡൊമെയ്‌നുകളിലെ പാളിച്ചകള്‍ കണ്ടെത്തുകയും അതിനുള്ള പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നവരെ ഗൂഗിള്‍ പാരിതോഷികം നല്‍കാറുണ്ട്. പാരിതോഷികങ്ങള്‍ നല്‍കുന്നതിന് മുന്‍പ് ഇവരെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തും. അത്തരത്തില്‍ പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ് ശ്രീദീപും.
കണ്ടുപിടിക്കുന്ന ബഗ്ഗിന്റെ പ്രാധാന്യം അനുസരിച്ചാണ് പേരുകള്‍ ഏതു പേജില്‍ ഉള്‍പ്പെടുത്തണമെന്ന് ഗൂഗിള്‍ തീരുമാനിക്കുന്നത്. 73 പേജുകളുള്ള ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ 48ാം പേജിലാണ് ശ്രീദീപിന്റെ സ്ഥാനം. നിലവില്‍ കേരളാ പോലീസിന്റെ സൈബര്‍ ഡോമില്‍ വോളണ്ടിയര്‍ കമന്‍ഡറായി പ്രവര്‍ത്തിക്കുകയാണ് ശ്രീദിപ്.
കടപ്പാട് : മാതൃഭൂമി
Post Your Comments