തിരുവനന്തപുരം: കേരളരാഷ്ട്രീയത്തിൽ ലൈംഗിക വിവാദത്തിന്റെ ബോബിടുകയും ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രന് അതിൽപ്പെട്ട് മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ മാധ്യമലോകത്ത് പുതിയ തരംഗമായി മാറുന്ന ഹണി ട്രാപ്പാണെന്ന സംശയം ബലപ്പെടുന്നു. മംഗളം ചാനലാണ് അവരുടെ ഉദ്ഘാടന വാർത്തയായി ഇന്നലെ മന്ത്രി എകെ ശശീന്ദ്രന്റെ ഫോൺ സംഭാഷണമെന്ന് വ്യക്തമാക്കി ശബ്ദശകലം പുറത്തുവിട്ടത്.
ഇതേത്തുടർന്നായിരുന്നു മന്ത്രിയുടെ രാജി. എന്നാൽ ഇത്തരം ഒരു ആരോപണം ഉയർന്നതിന്റെ പേരിൽ ധാർമികമായി രാജിവയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച മന്ത്രി തന്നെ ഇക്കാര്യത്തിൽ കുടുക്കുകയായിരുന്നുവെന്ന സൂചന അടുപ്പക്കാരുമായും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുമായി പങ്കുവച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
ഇത്തരമൊരു സൂചന ലഭിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ പ്രഖ്യാപിച്ചതെന്നാണ് സൂചന. മംഗളം ശശീന്ദ്രനെ കുടുക്കിയത് ഒരു പരാതിക്കാരിയെ സ്വാധീനിച്ച് ശശീന്ദ്രൻ വശപ്പെടുത്തിയെന്ന പ്രഖ്യാപനത്തോടെയാണ്.
പക്ഷേ, ഈ ‘അഗതിയായ അജ്ഞാത പരാതിക്കാരി’ ഒരു ജേർണലിസ്റ്റ് ആണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇപ്പോൾ അവധിയിൽ പ്രവേശിച്ച വനിതാ ജേർണലിസ്റ്റ് എന്ത് പരാതിയുമായാണ് മന്ത്രിയെ സമീപിച്ചതെന്ന അന്വേഷണം പുരോഗമിക്കുകയാണ്.
അതെ സമയം തന്നെ മന്ത്രി നിർബന്ധപൂർവ്വം വശത്താക്കിയതായും അധികാര ദുർവിനിയോഗം നടത്തിയതായും ആരുംതന്നെ പൊലീസിൽ പരാതി ഉന്നയിച്ചിട്ടില്ല. അതിനാൽ തന്നെ മന്ത്രിക്കെതിരെ കേസെടുക്കാനും ഒരു വകുപ്പുമില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ശശീന്ദ്രനുമായി കൂട്ടുകൂടിയതെന്ന് ഈ ഫോൺ സംഭാഷണത്തിൽ പരാമർശിക്കപ്പെടുന്ന ‘സുന്ദരിക്കുട്ടി’ വെളിപ്പെടുത്തിയാലും അതിൽ കേസുണ്ടാവില്ല. ആവശ്യപ്പെട്ട കാര്യം നടത്തിക്കൊടുക്കാൻ ശശീന്ദ്രൻ പ്രലോഭിപ്പിച്ച് വലയിൽ വീഴ്‌ത്തിയെന്ന് ഇതുവരെ ആരും പരാതിയുമായി എത്തിയിട്ടുമില്ല.
ഇത്രയും കാര്യങ്ങളിൽ നിന്ന് അത്തരമൊരു പരാതിക്കാരിയെ സൃഷ്ടിച്ച് മന്ത്രിയെ വീഴ്‌ത്താൻ അയക്കുകയായിരുന്നു എന്ന നിഗമനങ്ങളിലേക്കാണ് സർക്കാരും ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരും എത്തിയിട്ടുള്ളതാണെന്നാണ് സൂചന. അതിനാൽ ഇതൊരു ഹണിട്രാപ്പ് തന്നെയാണെന്ന അനുമാനത്തിലാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണത്തിന്റെ പ്രധാന അജണ്ട ഈ ഹണി ട്രാപ്പിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവരികയാകും. വാർത്തയ്ക്കു വേണ്ടി വാർത്ത സൃഷ്ടിക്കുന്ന ‘ഹണി ട്രാപ്പ്’ ആണ് പുതിയ വാർത്താ ചാനൽ ചെയ്തതെന്ന് ഇതിനോടകം മാധ്യമലോകത്ത് തന്നെ ആരോപണം ഉയർന്നു കഴിഞ്ഞു.
എ.കെ.ശശീന്ദ്രനെ ബോധപൂര്‍വ്വം കുടുക്കിയതാണോയെന്ന സംശയം പ്രാഥമിക പരിശോധന നടത്തിയ പൊലീസിനുണ്ട്. അതേസമയം, ശശീന്ദ്രന്‍ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാത്തതും ദുരൂഹത ഉയര്‍ത്തുന്നു. സ്ത്രീകളെ ഉപയോഗിച്ച് വ്യക്തികളെ കുടുക്കുന്ന ഹണി ട്രാപ്പില്‍ ശശീന്ദ്രന്‍ കുടുങ്ങിയോ എന്ന സംശയമാണ് പ്രാഥമിക വിവരശേഖരണം നടത്തുന്ന പൊലീസിനുള്ളത്.
ഏറെനാള്‍ അടുപ്പമുള്ള ഒരാളുമായി സംസാരിക്കുന്ന രീതിയിലുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. മന്ത്രിയുടെ രാജിക്കും ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തിനും ശേഷവും പരാതിക്കാരാരും രംഗത്തെത്തിയിട്ടില്ല. ഗോവയില്‍ നിന്നാണ് ശശീന്ദ്രന്‍ സംസാരിക്കുന്നതെന്ന സൂചനകളാണ് ടേപ്പിലുള്ളത്.
മന്ത്രിയായിരിക്കെ രണ്ട് തവണ ശശീന്ദ്രന്‍ ഗോവ സന്ദര്‍ശിച്ചിരുന്നു. ഓണക്കാലത്ത് മലയാളി അസോസിയേഷന്റെ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ആദ്യ യാത്ര. തെരഞ്ഞെടുപ്പ് പ്രചരണത്തിനായും രണ്ട് ദിവസവും ഗോവയിലുണ്ടായിരുന്നു.
ആരെയങ്കിലും സംശയിക്കുന്നതായുള്ള ഒരു സൂചനയും എ.കെ ശശീന്ദ്രന്‍ ഇതുവരെ മുഖ്യമന്ത്രിയോടും പാര്‍ട്ടി നേതൃത്വത്തോടും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ആരോപണങ്ങളെ അതിശക്തമായി എതിര്‍ക്കുന്നുമില്ല.ഗൂഢാലോചനാവാദം ഉയര്‍ത്തുമ്പോഴും ഫോണ്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങളും തെളിവുകളും പുറത്തുവരുമോ എന്ന സംശയവും ശശീന്ദ്രനും എന്‍.സി.പിക്കുമുണ്ട്.
വിവാദം കത്തുന്നതിനിടെ ആരെങ്കിലും ശശീന്ദ്രനെതിരെ പരാതിയുമായി രംഗത്തെത്താനുള്ള സാധ്യതയും പൊലീസും എന്‍സിപിയും തള്ളിക്കളയുന്നില്ല. അങ്ങിനെയങ്കില്‍ ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ശശീന്ദ്രനെതിരെ ക്രിമിനല്‍ കേസ് എടുത്ത് പൊലീസ് അന്വേഷണവും നടത്തേണ്ടിവരും.
Post Your Comments