തിരുവനന്തപുരം: ടെലിഫോണ്‍ സംഭാഷണ കുരുക്കില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രന്റെ ഒഴിവില്‍ പുതിയ മന്ത്രി എത്തും. എന്‍.സി.പിയുടെ പ്രതിനിധിയായ എ.കെ ശശീന്ദ്രന് പകരം പാര്‍ട്ടിയില്‍നിന്നുള്ള മറ്റൊരു എം.എല്‍.എ തോമസ് ചാണ്ടിയെ മന്ത്രി ആക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തോമസ് ചാണ്ടിയെ മന്ത്രി ആക്കേണ്ടതില്ല എന്നാണ് സി.പി.എം ധാരണ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പകരം മന്ത്രിയുടെ കാര്യവും ചര്‍ച്ചയായി. ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് രാജിവെക്കേണ്ടിവന്ന ഇ.പി ജയരാജനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനാണ് പാര്‍ട്ടിയുട രഹസ്യ തീരുമാനം. ജയരാജന് രാജി വെക്കേണ്ടി വന്നതിനു പിന്നില്‍ കൂടുതല്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ട് എന്നതും ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസില്‍ ജയരാജന് അനുകൂലമായി വിധി വന്നതുമാണ് സിപിഎമ്മിന്റെ തീരുമാനത്തിനു പിന്നില്‍. ജയരാജന്റെ നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്നു പ്രതിപക്ഷ പാര്‍ട്ടിയായ മുസ്ലീംലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഒരിക്കല്‍ നിയമസഭയിലും പ്രതികരിച്ചിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജനെ രാജിവെപ്പിക്കേണ്ടി വന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഖേദമുണ്ടെന്നാണ് സൂചന. ജയരാജന്‍ രാജിവെച്ചതിനു പിന്നാലെ എം.എം മണിയെ മന്ത്രിയാക്കിയതോടെ മന്ത്രി പദം ഒഴിവില്ലാതെ വന്നിരുന്നു. എന്നാല്‍ വീണുകിട്ടിയ അവസരം പോലെ ശശീന്ദ്രന് രാജിവെക്കേണ്ടിവന്നത് സിപിഎമ്മിന് ആശ്വാസമായി. സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോട് നടക്കുന്ന പുനസംഘടനയില്‍ ഇ.പി ജയരാജന്‍ മന്ത്രിയായി തിരിച്ചെത്തുമാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍സിപി മുന്നണി വിട്ടാലും സിപിഎമ്മിനു പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല. മറ്റു സംസ്ഥാനങ്ങളില്‍ ബിജെപിക്കും കോണ്‍ഗ്രസിനും എന്‍സിപി പിന്തുണ നല്‍കുന്നുണ്ട്. ബന്ധുനിയമന വിവാദത്തില്‍ പാര്‍ട്ടി തനിക്കൊപ്പം നിന്നില്ലെന്ന പരിഭവം ജയരാജന്‍ പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ അത് പരിഹരിക്കാനും വീണ്ടും മന്ത്രിസ്ഥാനം നല്‍കുന്നതിലൂടെ സിപിഎമ്മിനു കഴിയും.
Post Your Comments