ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടുന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിയ്ക്ക് പിന്തുണയുമായി ഒന്‍പത് തവണ സമാജ്‌വാദി പാര്‍ട്ടി മന്ത്രിയായിരുന്ന അസം ഖാന്‍ രംഗത്ത്. പശുക്കള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ കൊല്ലുന്നത് രാജ്യം മുഴുവന്‍ നിരോധിക്കണമെന്ന് അസം ഖാന്‍ ആവശ്യപ്പെട്ടു.
“ഗോവധം രാജ്യം മുഴുവന്‍ നിരോധിക്കണം, എന്തുകൊണ്ടാണ് കേരളം, പശ്ചിമബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇത് നിയമപരമായി നടക്കുന്നത്. പക്ഷേ മറ്റു സംസ്ഥാനങ്ങളില്‍ പശുക്കളെ കൊല്ലുന്നില്ല”- അസം ഖാന്‍ പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ രാജ്യത്ത് ഏകീകൃത നിയമം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന കശാപ്പ് ശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും അസം ഖാന്‍ രംഗത്ത് വന്നു. കശാപ്പ് ശാല നിയമപരമാണെന്നതിന്റെ പേരില്‍ മൃഗങ്ങളെ കൊല്ലുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് അസം ഖാന്‍ ചോദിച്ചു.
“നിയമപരമാണെങ്കിലും അല്ലെങ്കിലും മുഴുവന്‍ അറവുശാലകളും അടച്ചുപൂട്ടണം. ഒരു മൃഗത്തെയും കൊള്ളാന്‍ പാടില്ല-ഖാന്‍ പറഞ്ഞു.
ജെയിന്‍ തുടങ്ങിയ സമുദായങ്ങള്‍ കോഴിയെയും ആടിനേയും കൊല്ലുന്നതിനെ എതിര്‍ക്കുന്നതും ഖാന്‍ ചൂണ്ടിക്കാട്ടി.
മുസ്ലിങ്ങള്‍ മാംസം കഴിക്കുന്നത് അവസാനിപ്പിക്കണമെന്നും എസ്.പി നേതാവ് ആവശ്യപ്പെട്ടു. മുസ്ലിങ്ങള്‍ മാംസം കഴിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. മാംസം കഴിക്കുന്നത് നിര്‍ത്തണമെന്ന് മുസ്ലിം മതപണ്ഡിതന്മാര്‍ ജനങ്ങളോട് ആവശ്യപ്പെടണമെന്നും ഖാന്‍ പറഞ്ഞു.
Post Your Comments