NewsInternational

മരണത്തിന് തൊട്ടുമുമ്പുള്ള അനുഭവങ്ങള്‍ എങ്ങിനെയാണെന്ന് മരണമുഖത്ത് നിന്നും രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തലുകള്‍: അത് ശരിയെന്ന് സാക്ഷ്യപ്പെടുത്തി ശാസ്ത്രജ്ഞര്‍

എന്തായിരിക്കും മരണത്തിന് തൊട്ടു മുന്‍പുള്ള നിമിഷങ്ങളില്‍ നമ്മളൊക്കെ അനുഭവിക്കുക? പലതരത്തിലുള്ള ഉത്തരങ്ങളാണ് മരണമുഖത്തു നിന്നും ജീവതത്തിലേക്കെത്തിയ പലരും നല്‍കിയിട്ടുള്ളത്. ചിലര്‍ക്ക് കഴിഞ്ഞ കാലത്തെ പ്രധാന സംഭവങ്ങള്‍ മിന്നി മറയുന്നതാണെങ്കില്‍ മറ്റു ചിലരുടെ കാഴ്ച്ചകളില്‍ നേരത്തെ മരിച്ചവര്‍ നിറഞ്ഞു, ചിലര്‍ പറഞ്ഞത് പ്രകാശം നിറഞ്ഞ ഒരു കുഴലിലേക്ക് പോകുന്നതുപോലെ തോന്നിയെന്നാണ്. ഇതില്‍ പലതിനും ശാസ്ത്രീയമായ വിശദീകരണം സാധ്യമാണെന്നതാണ് മറ്റൊരു വസ്തുത.

ഡേക്കിന്‍ സര്‍വകലാശാലയിലെ ന്യൂറോളജിസ്റ്റ് ഡോ. കാമറോണ്‍ ഷൗ ഒരു സ്ത്രീയുടെ മരണത്തിന് മുന്‍പ് സംഭവിക്കുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ച് പഠിച്ചിരുന്നു. അവസാനത്തെ 30 സെക്കന്‍ഡുകളെ 10 സെക്കന്‍ഡുകള്‍ വീതമുള്ള വിഭാഗമാക്കി തിരിച്ച് തലച്ചോറില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളെ രേഖപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. മരണമുഖത്തെത്തുമ്പോള്‍ ആദ്യം സംഭവിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുമെന്നതാണ്.
മനുഷ്യന് മരണം സംഭവിക്കുന്നത് തലയില്‍ നിന്നും താഴേക്കാണെന്നാണ് ഡോ. കാമറോണ്‍ ഷൗവിന്റെ പക്ഷം. സ്വയംബോധവും ചിന്താശേഷിയുമൊക്കെ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന ആദ്യത്തെ 10 മുതല്‍ 20 സെക്കന്‍ഡില്‍ ഇല്ലാതാകുന്നു. തലച്ചോറില്‍ നിലവിലുള്ള രക്തവും പുറത്തേക്കു വരുന്നു. ഇതിനൊപ്പം ഓര്‍മകളും ഭാഷയുടെ കേന്ദ്രങ്ങളുമെല്ലാം വിസ്മൃതിയിലാകും. ഇതിനെ ഇരുളു നിറഞ്ഞ കുഴലിനപ്പുറത്തെ വെളിച്ചത്തിലേക്കുള്ള യാത്രയായി തോന്നാമെന്നും അദ്ദേഹം പറയുന്നു. സമാനമായ രീതിയില്‍ നിരവധി പേര്‍ മരണത്തെ അഭിമുഖീകരിച്ചെന്ന് പറഞ്ഞിട്ടുണ്ട്.

ശരീരത്തില്‍ നിന്നും ജീവന്‍ പറന്നുപോകുന്നതു പോലുള്ള അനുഭവങ്ങളെ ഡോ. കാമറോണ്‍ തള്ളിക്കളയുന്നുണ്ട്. അതേസമയം, ഇത്തരം സ്വപ്നസമാനമായ ദൃശ്യങ്ങള്‍ ചിന്തകളിലേക്ക് കടത്തിവിടാന്‍ നമ്മുടെ തലച്ചോറിന് ശേഷിയുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. മരണാസന്നമായി കിടക്കുമ്പോള്‍ പ്രത്യേകിച്ചും ഇത്തരം ചിന്തകള്‍ തലച്ചോറിലെത്തിയേക്കാം. കാരണം ഇത്തരം സമയങ്ങളില്‍ പലപ്പോഴും കാഴ്ച്ച നഷ്ടപ്പെട്ടിരിക്കും. ഭാവനയും ചിന്തകളുമൊക്കെയായിരിക്കും പിന്നീട് ഓര്‍മയായി വരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button