ദുബായ് : എട്ടു രാജ്യങ്ങളില്‍ നിന്നുള്ള യു.എസ് വിമാനയാത്രയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കരുതെന്ന ഉത്തരവ് ഇന്നു പ്രാബല്യത്തിലാകുമ്പോള്‍, യാത്രക്കാരുടെ അസൗകര്യം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.
ഇതനുസരിച്ച്, ദുബായ് വഴി യു.എസിലേക്കുള്ള വിമാനങ്ങളിലെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കു ദുബായ് വരെയുള്ള യാത്രയില്‍ ലാപ്‌ടോപ്പും ടാബ്ലറ്റും ഇ-റീഡര്‍ അടക്കമുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം ഉപയോഗിക്കാം.
യു.എസ് വിമാനത്തില്‍ കയറുന്നതിനു തൊട്ടുമുന്‍പു ബോര്‍ഡിങ് ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പിച്ചാല്‍ മതി. ഇവ സുരക്ഷിതമായി പ്രത്യേക പെട്ടികളില്‍ പായ്ക്ക് ചെയ്തു ലഗേജിനൊപ്പം അയയ്ക്കുകയും യുഎസിലെത്തുമ്പോള്‍ കൈമാറുകയും ചെയ്യും. സേവനം സൗജന്യമാണ്. വിമാനത്തിലെ മൊബൈല്‍, വൈഫൈ കണക്ടിവിറ്റി ഉപയോഗിക്കാമെന്നതിനാല്‍ ഇ-ലോകവുമായുള്ള യാത്രക്കാരുടെ ബന്ധം തുടരാനാകുമെന്നും കമ്പനി അറിയിച്ചു.
എമിറേറ്റ്‌സ് റിപ്പോര്‍ട്ടനുസരിച്ചു 90% യാത്രികരും സ്മാര്‍ട് ഫോണ്‍ വൈഫൈ കണക്റ്റിവിറ്റി ഉപയോഗിക്കുന്നവരാണ്. പുതിയ നിയമം പൂര്‍ണമായി പാലിക്കുമെന്നും അതോടൊപ്പം യാത്രക്കാരുടെ അസൗകര്യം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുമെന്നും അറിയിച്ച എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലാര്‍ക്ക്, വിമാനത്തിലെ സിനിമയും സംഗീതവും ടിവി പരിപാടികളുമായി യാത്ര ആസ്വദിക്കാനുള്ള അവസരമായി ഇതിനെ കാണണമെന്നും അഭ്യര്‍ഥിച്ചു.
അതേസമയം, ദുബായില്‍ നിന്നു നേരിട്ടു യു.എസിലേക്കു യാത്ര ചെയ്യുന്നവര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചെക്ക് ഇന്‍ ലഗേജില്‍ തന്നെ സൂക്ഷിക്കണമെന്നും സമയനഷ്ടം ഉണ്ടാകാതിരിക്കാനാണിതെന്നും കമ്പനി വ്യക്തമാക്കി.
ദുബായ്ക്കു പുറമേ, കയ്‌റോ (ഈജിപ്ത്), അബുദാബി (യു.എ.ഇ), ഇസ്തംബുള്‍ (തുര്‍ക്കി), ദോഹ (ഖത്തര്‍), അമ്മാന്‍ (ജോര്‍ദാന്‍), കുവൈറ്റ് സിറ്റി, കാസാബ്ലാങ്ക (മൊറോക്കോ), ജിദ്ദ, റിയാദ് (സൗദി അറേബ്യ) എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണു യു.എസ് ഇലക്ടോണിക് ഉപകരണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments