കെപിസിസി ഇടക്കാല അധ്യക്ഷനെ നിയമിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ നിയമനത്തെ ചൊല്ലി എ,ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ തര്‍ക്കവും ആരംഭിച്ചു. പ്രതിപക്ഷ നേതാവ് ഐ ഗ്രൂപ്പിനായതിനാല്‍ കെപിസിസി അധ്യക്ഷന്‍ എ ഗ്രൂപ്പില്നിന്നായിരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. എ ഗ്രൂപ്പില്‍ നിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കൂടുതല്‍ സാധ്യത. അല്ലെങ്കില്‍ പി.ടി തോമസ് പരിഗണിക്കപ്പെട്ടേക്കും. സാമുദായിക സമവാക്യങ്ങള്‍ക്കു കൂടി പ്രാധാന്യം നല്‍കിയാകും അന്തിമതീരുമാനമെടുക്കുക.
ഇതിനിടെ അധ്യക്ഷ സ്ഥാനത്തിനായി ചരടുവലികളുമായി കെ.വി തോമസ് എം.പിയും രംഗത്തുണ്ടെങ്കിലും പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകള്‍ ഉയര്‍ത്തിക്കാട്ടി അധ്യക്ഷസ്ഥാനത്തിനായി സമ്മര്‍ദ്ദം ചെലുത്താനാണ് എ ഗ്രൂപ്പിന്റെ നീക്കം. ഡിസിസി പുനഃസംഘടനയ്ക്കു ശേഷം ഹൈക്കാമാന്‍ഡിനോട് പരസ്യമായ വെല്ലുവിളിയാണ് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും നടത്തിയത്. ഹൈക്കമാന്‍ഡിന് താല്പര്യമുണ്ടായിരുന്നിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും വിഎം സുധീരന്റെ രാജി അനിവാര്യമാക്കിയതും എ ഗ്രൂപ്പിന്റെ ഈ നിലപാടാണ്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍ തിരിച്ചടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ദുര്‍ബലപ്പെടുത്തിയത് എ ഗ്രൂപ്പിന് ഇപ്പോള്‍ കൂടുതല്‍ ശക്തിപകരുന്നുണ്ട്. അതിനാല്‍ കെപിസിസി അധ്യക്ഷസ്ഥാനത്തിനായുള്ള എ ഗ്രൂപ്പിന്റെ അവകാശവാദത്തിന് പ്രാധാന്യമേറുമെന്നാണ് വിലയിരുത്തല്‍.
Post Your Comments