ന്യൂഡൽഹി: സംവിധായകൻ വിനയന്റെ സിനിമകൾ തടഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും കോംപറ്റീഷൻ കമ്മീഷന്റെ പിഴ ശിക്ഷ. അമ്മനാല് ലക്ഷം, ഫെഫ്ക 85,594, ഫെഫ്ക സംവിധായകരുടെ സംഘടന 3.86 ലക്ഷം, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ 56,661 രൂപ എന്നിങ്ങനെയാണ് പിഴ വിധിച്ചിരിക്കുന്നത്.
ഇതു കൂടാതെ ഭാരവാഹികളായ ഇന്നസെന്റ് 51,478 രൂപ, ഇടവേള ബാബു 19,113 രൂപ, സിബി മലയിൽ 66,356 രൂപ, ബി. ഉണ്ണികൃഷ്ണൻ 32,026 രൂപ, കെ. മോഹനൻ 27,737 രൂപ പ്രത്യേകമായി പിഴ ഒടുക്കണമെന്നും കോംപറ്റീഷൻ കമ്മീഷൻ ഉത്തരവിട്ടു.
വിനയന്റെ പരാതിയിലാണ് നടപടി. തന്റെ സിനിമകൾ റിലീസ് ചെയ്യുന്നതു തടയണമെന്നു സംഘടനകൾ നിർദേശം നൽകിയതിനെതിരേയാണ് വിനയൻ കമ്മീഷനെ സമീപിച്ചത്. വിനയന്റെ ചിത്രങ്ങൾ തടയാൻ താരങ്ങളുടെയും സംവിധായകരുടെയും സംഘടനകൾ സമ്മർദം ചെലുത്തിയതായി തിയറ്റർ ഉടമകളുടെ സംഘടന നേതാവ് ലിബർട്ടി ബഷീർ കോംപറ്റീഷൻ കമ്മീഷനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കോംപറ്റീഷൻ കമ്മീഷൻ ഡയറക്ടർ ജനറൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
60 ദിവസത്തിനുള്ളിൽ പിഴ കെട്ടിവക്കണമെന്നും ജസ്റ്റീസ് ജി.പി. മിത്തൽ, സുധീർ മിത്തൽ, എസ്. എൽ. ബങ്കർ, യു.സി. നെഹ്ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. 2008ൽ ആണ് താരസംഘടനയായ അമ്മയും ഫെഫ്കയും വിനയനെ പുറത്താക്കുന്നത്. ഇതേത്തുടർന്നാണ് വിനയൻ കോപംറ്റീഷൻ കമ്മീഷനെ സമീപിച്ചത്.
Post Your Comments