ന്യൂഡൽഹി: താമരശ്ശേരി ചുരം കണ്ടുപിടിച്ച ആദിവാസിമൂപ്പൻ കരിന്തണ്ടന് ആദരവ് നേടിക്കൊടുക്കാനായി സുരേഷ് ഗോപി. കോഴിക്കോടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയ്ക്ക് കരിന്തണ്ടന്റെ പേരിടണമെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
വയനാട് ചുരം പാത നിർമിക്കാൻ ബ്രിട്ടീഷുകാർക്ക് വഴികാട്ടിയായത് കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പന്റെ നേതൃത്വത്തിലുള്ള ആദിവാസികളാണ്. എന്നാൽ ഇതിന്റെ പ്രശസ്‌തി സ്വന്തമാക്കാനായി ബിട്ടീഷുകാർ കരിന്തണ്ടനെ ചതിവിൽ കൊലപ്പെടുത്തുകയായിരുന്നെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ദേശീയ പാത 766ന്റെ ഒരു ഭാഗത്തിന് കരിന്തണ്ടന്റെ പേരിടണമെന്ന് ആദിവാസി വിഭാഗമായ പണിയ സമുദായം ആവശ്യപ്പെട്ടിരുന്നു.
കരിന്തണ്ടനോടുള്ള ആദരവ് സൂചിപ്പിക്കാൻ സാംസ്‌കാരിക സ്‌മാരകം നിർമിക്കണം, വിശാലമായ ഒരു പാർക്ക്, യാത്രക്കാർക്ക് കാണാനും വിശ്രമിക്കാനുമുള്ള സൗകര്യം, ആദിവാസികളെ പങ്കാളികളാക്കിയുള്ള ജൈവകൃഷി കേന്ദ്രം എന്നിവ സ്മാരകത്തിന്റെ ഭാഗമായി നിർമിക്കണമെന്നുമാണ് സുരേഷ് ഗോപിയുടെ ആവശ്യം. അദ്ദേഹത്തിന്റെ ഈ ആവശ്യത്തെ നിരവധി അംഗങ്ങൾ പിന്തുണച്ചു.
Post Your Comments