ന്യൂഡൽഹി: ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്‌വാദിനെതിരെ മറ്റു വിമാനകമ്പനികൾ രംഗത്ത്. ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി കരണത്തടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ എയർ ഇന്ത്യ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ എംപിക്ക് യാത്രാവിലക്കേർപ്പെടുത്തി കൂടുതൽ സ്വകാര്യ വിമാനക്കമ്പനികളും രംഗത്തെത്തി. എംപിയെ വിമാനത്തിൽ കയറ്റില്ലെന്നു വ്യക്തമാക്കി ജെറ്റ് എയർവേസ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ എയർ തുടങ്ങിയ വിമാനക്കമ്പനികളും രംഗത്തെത്തി. ഇവർ അംഗങ്ങളായ ‘ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസാ’ണ് എംപിക്ക് യാത്രാവിലക്കേർപ്പെടുത്തിയത്. അക്രമത്തിനുശേഷം, എയർ ഇന്ത്യ വിമാനത്തിൽ രാജ്യത്തിനകത്തും, വിദേശത്തേക്കും സഞ്ചരിക്കാൻ എംപിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, വിമാനയാത്രയിൽനിന്നു തന്നെ തടയാൻ ആർക്കുമാകില്ലെന്ന് രവീന്ദ്ര ഗെയ്ക്ക്‌വാദ് പ്രതികരിച്ചു.
എം. പിക്കെതിരെ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ വ്യക്തമാക്കി. അതിനിടെ, രവീന്ദ്ര ഗെയ്ക്ക‍്‌വാദിനെതിരെ പാർട്ടിതലത്തിൽ നടപടിയുണ്ടായേക്കുമെന്ന സൂചനയും ശക്തമാണ്. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ മുംബൈയിലെ ശിവസേന ആസ്ഥാനത്തേക്ക് എംപിയെ വിളിച്ചുവരുത്തിയിട്ടുണ്ട്. സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നതാണെന്നും, അക്രമത്തെ പിന്തുണയ്ക്കാൻ കഴിയില്ലെന്നുമാണ് ശിവസേന നിലപാട്.
വിമാനക്കമ്പനി എംപിക്കെതിരെ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനും പരാതി നൽകിയിട്ടുണ്ട്. അതേസമയം, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിലുള്ളതുപോലെ യാത്രാനിരോധനം ഏർപ്പെടുത്തേണ്ടവരുടെ ഒരു പട്ടിക തയാറാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ വെളിപ്പെടുത്തി.
Post Your Comments