കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മ സുപ്രീം കോടതിയെ സമീപിക്കുന്നു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ടാണ് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയെ സമീപിക്കുന്നത്.
കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണം, ജിഷ്ണു പ്രണോയ് നേരിട്ട ദുരവസ്ഥ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കോടതി ഇടപെടണം, ക്യാമ്പസിലെ ഇടിമുറികള്‍ തടയാന്‍ ഇടപെടണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹിജ സുപ്രീം കോടതിയെ സമീപിക്കുന്നത്.കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളായി മാറിയെന്ന് മഹിജ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ചയാണ് ജിഷ്ണുവിന്റെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്.
തങ്ങൾക്ക് രാജ്യത്തിന്റെ നീത്യന്യായ വ്യവസ്ഥയില്‍ വിശ്വാസവും അതിനോട് ബഹുമാനവുമുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി വിധി തങ്ങള്‍ക്ക് ഏറെ സങ്കടം നല്‍കുന്ന ഒന്നാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നലെ ഹൈക്കോടതിയാണ് ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമര്‍ശനവും കോടതി ഉന്നയിച്ചു. കൃഷ്ണദാസിന്റെ അറസ്റ്റ് നിയമപരമല്ലായിരുന്നുവെന്നും തിരക്കിട്ടാണ് അന്വേഷണ സംഘം കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു ഹൈക്കോടതി നിരീക്ഷണം.
Post Your Comments