തിരുവനന്തപുരം: കോൺഗ്രസ്സിൽ നിന്ന് രാജി വച്ച സി.ആർ മഹേഷ് തന്റെ നിലപാട് വ്യക്തമാക്കി. കോൺഗ്രസുകാർതന്നെയാണ് തന്നെ ബിജെപിക്കാരനാക്കുന്നതെന്ന് സി ആർ മഹേഷ് പറഞ്ഞു. കോൺഗ്രസിനോട് വെറുപ്പില്ല പക്ഷെ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളോടു വിയോജിപ്പുണ്ട്. അതിനാലാണ് സ്ഥാനങ്ങൾ ഒഴിഞ്ഞത്. കോൺഗ്രസ് പ്രത്യയശാസ്ത്രത്തോടു വെറുപ്പ് തോന്നാത്തിടത്തോളം കോൺഗ്രസ് അനുഭാവിയായി തുടരുമെന്നും മഹേഷ് പറഞ്ഞു.
കോൺഗ്രസ് പ്രസ്ഥാനം നന്നാകണമെന്ന ആത്മാർഥമായ ആഗ്രഹമുള്ളതിനാലാണ് നേതൃത്വത്തിന്റെ ഭാഗത്തുള്ള പോരായ്മകൾ ചൂണ്ടിക്കാണിച്ചത്. രാഹുൽ ഗാന്ധിക്കെതിരെയും ആന്റണിക്കെതിരെയും നടത്തിയ പരാമർശങ്ങൾ പറഞ്ഞതിനും ഇരട്ടിയാക്കി അവരുടെ മുന്നിലെത്തിച്ച് പുറത്താക്കും എന്ന് നന്നായി അറിയാവുന്നത്‌കൊണ്ടാണ് അതിനു മുമ്പ് പാർട്ടി വിട്ടത്.
പാർട്ടി കാണിക്കുന്ന കൊള്ളരുതായ്മകൾ ചൂണ്ടിക്കാണിച്ചാൽ അത് സംഘപരിവാറിനെ സഹായിക്കുന്നുവെന്ന് വ്യാഖ്യാനിക്കുന്നത് എങ്ങനെയാണെന്നു മനസ്സിലാകുന്നില്ല. താൻ ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകുന്നുവെന്ന വാർത്തകൾ ശരിയല്ല. ആരും അത്തരം ആഗ്രഹങ്ങളുമായി സമീപിക്കേണ്ട. കോൺഗ്രസ് ആശയങ്ങളോട് വെറുപ്പ് തോന്നാത്തിടത്തോളം കാലം അനുഭാവിയായി സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിച്ച് പൊതുരംഗത്തു തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുൻപെങ്ങും നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് പാർട്ടി കടന്നുപോകുന്നത്. അപ്പോൾ പ്രസ്ഥാനത്തോടുള്ള ആത്മാർഥത ഒന്നുകൊണ്ട് മാത്രമാണ് തെറ്റുകൾ ചൂണ്ടിക്കാണിച്ചത്. ഫലം വിപരീതമായാണു ലഭിച്ചത്. ആരെയും മണിയടിച്ച് നേതാവായ ആളല്ല താൻ. അതുകൊണ്ട് തന്നെ മറ്റുള്ളവർ എന്തു പറയുന്നു എന്നാലോചിച്ച് തലപുകയ്‌ക്കേണ്ട കാര്യമില്ല. യൂത്ത് കോൺഗ്രസിന്റേയും കോൺഗ്രസിന്റെയും നിരവധി പ്രവർത്തകർതന്നെ വിളിച്ച് മാനസികമായി പിന്തുണയറിയിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിൽ നിന്ന് പോകണമെന്നുള്ളതു കൊണ്ടാണ് അവർ പരസ്യമായി രംഗത്ത് വരാത്തത്.
Post Your Comments