മലപ്പുറം ഉപതെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ വിജയത്തില്‍ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഇടതുമുന്നണി മത്സരത്തിനിറങ്ങുന്നത്. ഒരു തരത്തിലുള്ള പോരാട്ടവീര്യവും ഇടതുമുന്നണിയുടെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. യുഡിഎഫിന്റെ മുസ്ലീംലീഗ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം മൂന്നുലക്ഷത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് അവര്‍ ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അവര്‍ക്ക് ആ ലക്ഷ്യം കൈവരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം കേരള രാഷ്ട്രീയത്തിലെ അതികായരില്‍ ഒരാളെന്നു നിലവില്‍ വിശേഷിപ്പിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിക്ക് പറ്റിയ എതിരാളിയെ അല്ല ഇടതുപക്ഷവും ബിജെപിയും മലപ്പുറത്ത് മത്സരിപ്പിക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ഥി എം.ബി ഫൈസലും ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശും കേവലം പ്രാദേശികതയില്‍ മാത്രം ഒതുങ്ങുന്നവരാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരിക്കല്‍പ്പോലും അവരുടെ പേര് ഉയര്‍ന്നുവന്നിട്ടില്ല. സംസ്ഥാനമാകെ കീര്ത്തികേള്പ്പിക്കാനായി മാത്രം ഇരുവര്‍ക്കും പ്രത്യേകം പദവികളുമില്ല. എന്നാല്‍ കുഞ്ഞാലിക്കുട്ടി ഇന്ന് മുസ്ലീം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ്.
ബിജെപിക്ക് ഒരു സംസ്ഥാന നേതാവിനെ മത്സരിപ്പിച്ചിരുന്നെങ്കില്‍ വോട്ട് ശതമാനത്തില്‍ മുന്‍ തവണത്തെ അപേക്ഷിച്ച് കുറച്ചുകൂടി വര്‍ധന ഉണ്ടാക്കാമായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി ശ്രീപ്രകാശിനെ വീണ്ടും മത്സരിപ്പിക്കുന്നതൊഴിച്ചാല് വോട്ട് നിലയില്‍ കൂടുതല്‍ വര്‍ധന അവര്‍ക്ക് ലഭിക്കാനിടയില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍നിന്നും ബിജെപി ഇപ്പോഴേ പുറത്താണ്. എന്നാല്‍ മുഖ്യഎതിരാളിയായ ഇടതുപക്ഷത്തേക്ക് വരുമ്പോള്‍ അവര്‍ക്കും ശുഭാപ്തിവിശ്വാസം തീരെ ഇല്ല എന്നു പറയേണ്ടി വരും. അതിനു കാരണം രണ്ടാണ്. ഒന്ന് മുസ്ലീംലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് മലപ്പുറം മണ്ഡലത്തിലുള്ള സ്വാധീനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ.അഹമ്മദിന്റെ വിജയം രണ്ടുലക്ഷത്തിനടുത്ത ഭൂരിപക്ഷത്തിലായിരുന്നു എന്നത്. അത് രാഷ്ട്രീയവശം. മറ്റൊന്ന് പി.കെ കുഞ്ഞാലിക്കുട്ടിയുമായി ഇടതുപക്ഷത്തെയും സി.പി.എമ്മിന്റെയും നേതാക്കള്‍ക്കുള്ള സൗഹൃദം. കുഞ്ഞാലിക്കുട്ടിയുമായുള്ള ചില ഇടതു നേതാക്കളുടെയും മന്ത്രിസഭയിലെ ഉന്നതരുടെയുമെല്ലാം വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിനും മേലെയാണ്. അതുകൊണ്ടുതന്നെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ മനസ്സ് അവര്‍ക്കുണ്ടുതാനും. അതാണ് യഥാര്‍ഥത്തില്‍ മലപ്പുറത്തെ ഇടതു സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഫലിച്ചത്. ഒരിക്കലും എം.ബി ഫൈസല്‍ കുഞ്ഞാലിക്കുട്ടിക്ക് പറ്റിയ എതിരാളി അല്ല എന്ന സി.പി.എം അണികള്‍ക്കു പോലും അറിയാം. ഈ സാഹചര്യത്തില്‍ അണികളെ ബോധ്യപ്പെടുത്താന്‍ സി.പി.എമ്മിനു ചെയ്യാന്‍ കഴിയുന്നത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറയ്ക്കുക എന്നതു മാത്രമാണ്. ഇ.അഹമ്മദിനെക്കാള്‍ ഒരു ലക്ഷം വോട്ട് അധികം പിടിക്കാന്‍ നില്ക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ മുന്നില്‍ ഇത് എത്രമാത്രം വിലപ്പോകുമെന്ന് കാത്തിരുന്ന് കാണേണ്ടതുതന്നെ.
മത്സരത്തിന്റെ രാഷ്ട്രീയം അത്തരത്തില്‍ വിലയിരുത്തുമ്പോള്‍ ഇടതുപക്ഷത്തിന്റെ കാര്യം പരിശോധിക്കുകയാണെങ്കില്‍ അവര്‍ ഈ തെരഞ്ഞെടുപ്പില്‍ എന്ത് ആയുധമാക്കും എന്നതും ചര്‍ച്ചാവിഷയമാണ്. മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ വിലയിരുത്തല്‍ ആകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനെ ഇതിനകം വെട്ടിലാക്കിയിട്ടുണ്ട്. വിജയിക്കാന്‍ ഒരു സാധ്യതയുമില്ലെന്നു മുന്‍കൂട്ടി അറിഞ്ഞുകൊണ്ട് കോടിയേരി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത് എന്തിനാണെന്നതിന്റെ ഉത്തരം ഇപ്പോഴും ഇടതുനേതാക്കള്‍ക്കും അണികള്‍ക്കും പിടികിട്ടിയിട്ടില്ല. കോടിയേരി ഉദ്ദേശിച്ചത് പിണറായി സര്‍ക്കാരിന്റെ സല്‍രണത്തിനു മലപ്പുറത്തെ വോട്ടര്‍മാര്‍ പിന്തുണ നല്കുമെന്നാണെു എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് തിരുത്തിയെങ്കിലും അതില്‍ ഒരു ആത്മവഞ്ചനയുടെ അംശമുണ്ടായിരുന്നു താനും. എന്തായാലും കോടിയേരിയുടെ പ്രസ്താവന എല്‍ ഡി എഫ് സര്‍ക്കാരിനെ അടിക്കാന്‍ കിട്ടിയ വടിയായി യുഡിഎഫ് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കോടിയേരിക്ക് പിണറായിയോട് ഇത്രയും വിദ്വേഷം ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
കുഞ്ഞാലിക്കുട്ടി 2006ല്‍ കുറ്റിപ്പുറത്ത് കാലിടറി വീണതും അതിനു തൊട്ടു മുന്‍പത്തെ ലോകസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ടികെ ഹംസ മുസ്ലിം ലീഗിലെ കെ പി എ മജീദിനെ പരാജയപ്പെടുത്തിയതും വീണ്ടും ആവര്‍ത്തിച്ചാല്‍ വര്‍ത്തമാനകാലത്ത് അണികളെ അത് ബോധ്യപ്പെടുത്താന്‍ സി.പി.എം നേതൃത്വത്തിന് പ്രയാസപ്പെടേണ്ടിവരും. ചുരുക്കത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് പ്രചാരണത്തിന് ആയുധമാക്കാന്‍ ഒന്നുമില്ല. അവര്‍ക്ക് ഇവിടെ കൃത്യമായ എതിരാളിയുമില്ല. കുഞ്ഞാലിക്കുട്ടി അവരെ സംബന്ധിച്ച് എതിരാളിയോ എതിര്‍പക്ഷ സ്ഥാനാര്‍ഥിയോ ആയിരിക്കില്ല. അല്പമെങ്കിലും സി.പി.എം മുഖ്യഎതിരാളിയെന്ന പരിഗണന കൊടുക്കുന്നത് ബിജെപി സ്ഥാനാര്‍ഥിയെ ആയിരിക്കും. അല്ലെങ്കില്‍ മലപ്പുറത്ത് സി.പി.എമ്മിന്റെ മുഖ്യഎതിരാളി ബിജെപി തന്നെ ആയിരിക്കും. എന്നാല്‍ ബിജെപിക്ക് എതിരെ തിരിയുമ്പോള്പോലും അവര്‍ക്കെതിരെ പ്രയോഗിക്കാന്‍ സിപിഎമ്മിന് ആയുധങ്ങള്‍ ഇല്ല എന്നതാണ് വാസ്തവം. ആകെ ഉണ്ടാകുന്നത് കേരളത്തിലെ ഇടതു ഭരണത്തോട് സംഘപരിവാര്‍ ശക്തികള്‍ കാണിക്കുന്ന അസഹിഷ്ണതയുടെ തെളിവായി പിണറായിയെ മംഗലുരുവിലെ ഹൈദരാബാദിലും തടയാന്‍ ശ്രമിച്ചു പരാജയപ്പെട്ടതും ഭോപ്പാലില്‍ തടഞ്ഞതും ആയ വിഷയങ്ങള്‍ മാത്രമാകും. ഇതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളും മുന്‍കാലങ്ങളെപ്പോലെ വിഷയമാക്കുമായിരിക്കാം. എന്നാല്‍ കേന്ദ്ര ഭരണം പൊതുവേ അംഗീകരിക്കപ്പെടുകയും ബിജെപിക്ക് വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുകയും ചെയ്ത സാഹചര്യത്തില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുറ്റപ്പെടുത്തിയുള്ള സി.പി.എമ്മിന്റെ പതിവ് കവല പ്രസംഗങ്ങളോട് ജനങ്ങള്‍ ആഭിമുഖ്യം പുലര്‍ത്തിയെന്നു വരില്ല. മാത്രമല്ല, മുസ്ലീംലീഗിനും യുഡിഎഫിനും ഭൂരിപക്ഷമുള്ള ഒരു മണ്ഡലത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തിയതുകൊണ്ട് ഒരു തമാശ എന്നതിലുപരി അതില്‍ പ്രത്യേകിച്ച് ഒരു നേട്ടവും ആര്‍ക്കും ഉണ്ടാകില്ല. ചുരുക്കത്തില്‍ മലപ്പുറത്ത് ആയുധങ്ങളില്ലാത്ത ഒരു തെരഞ്ഞെടുപ്പിനാണ് ഇടതുമുന്നണി ഒരുങ്ങുന്നത്. അവിടെ അവര്‍ക്ക് ശത്രുവില്ല. ശത്രുവിനുമേല്‍ കണ്ടെത്താന്‍, അല്ലെങ്കില്‍ ശത്രുതക്കുവേണ്ടി കണ്ടെത്താന്‍ പ്രത്യേകിച്ച് കാരണവുമില്ല.
Post Your Comments