
ലക്‌നൗ: വര്‍ഗ്ഗീയ കലാപത്തിനും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമത്തിനും ഗോവധത്തിനും എതിരേ നടപടിയെടുത്തില്ലെങ്കില്‍ ആ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മുഴുവനുമായി ബി.ജെ.പിയുടെ പ്രത്യേക പദ്ധതിയായ സ്വച്ഛ്ഭാരത് അഭിയാന്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ നിയോഗിച്ച ഉപദേശകന്‍മാര്‍, വൈസ് ചെയര്‍മാന്‍മാര്‍, ചെയര്‍മാന്‍മാര്‍ എന്നിവരെ ചുമതലയേറ്റ ആദ്യ ദിനം തന്നെ ഒഴിവാക്കുകയാണ് ആദ്യം ചെയ്തത്. ജൂണ്‍ 15 നും ജൂലൈ 15 നും ഇടയില്‍ ബഡ്ജറ്റ് നടക്കുമെന്നും പറഞ്ഞു. എല്ലാ സര്‍ക്കാര്‍ വാഹനങ്ങളില്‍ നിന്നും ബീക്കണ്‍ നീക്കം ചെയ്യാനുള്ള ഉത്തരവും യോഗി പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. യുപി പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേബാശിശ് പാണ്ഡ, ഡിജിപി ജാവീദ് അഹമ്മദ്, ഭരണതലത്തെയും പോലീസിലെയും മറ്റ് ഉന്നതര്‍ എന്നിവര്‍ക്കെല്ലാം സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന എല്ലാത്തരം സംഭവങ്ങളെയും സാൂഹ്യമാധ്യമങ്ങള്‍ വഴി ബോധവല്‍ക്കരണം നടത്തിയും സമയത്ത് തന്നെയുള്ള പോലീസ് ഇടപെടലും കൊണ്ട് തടയാന്‍ നിര്‍ദേശം നല്‍കി.
ചീഫ് സെക്രട്ടറി രാഹുല്‍ ഭട്‌നാഗര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ പ്രധാനവകുപ്പുകളിലെ സെക്രട്ടറിമാര്‍ എന്നിവരുമായുള്ള ആദ്യ ഉന്നതതല യോഗത്തില്‍ സ്വച്ഛ് ഭാരത് പ്രതിജ്ഞയെടുക്കുകയും ചെയ്തു. മഹാത്മാഗാന്ധി രാജ്യത്തെ രാഷ്ട്രീയമായി സ്വതന്ത്രമാക്കുക മാത്രമല്ല നല്‍കിയത്. രാജ്യത്തിന് വികസനത്തിന്റെയും ശുചിത്വത്തിന്റെയും മുഖം നല്‍കുക കൂടി ചെയ്തു. ശുചിത്വ ഇന്ത്യയെ പരിപാലിക്കുന്നതില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് പറയുകയും ചെയ്തു. യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ട ശൗചാലയ സംവിധാനത്തെക്കുറിച്ചും യോഗി ഓര്‍മ്മപ്പെടുത്തി. യുപി നഗരങ്ങളെ സ്മാര്‍ട്ട്‌സിറ്റി പട്ടികയിലേക്ക് കയറാന്‍ കഴിയാതെ തടയുന്നത് ദുര്‍ബ്ബലമായ ശൗചാലയ സംവിധാനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments