ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിചെല്ലുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ ആര്‍.എസ്.എസ് തീരുമാനം. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവര്‍ക്കുവേണ്ടി സമഗ്ര സാമൂഹിക പദ്ധതികള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ ചേര്‍ന്ന ആര്‍.എസ്.എസ് ദേശീയ പ്രതിനിധിസഭ തീരുമാനിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞത് ജനങ്ങള്‍ക്കുവേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിനാലാണെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുവേണ്ടി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കാനും ആര്‍.എസ്.എസ് തീരുമാനിച്ചിട്ടുണ്ട്. ശുദ്ധജല പദ്ധതികള്‍, അഗതിമന്ദിരങ്ങള്‍ എന്നിവയുള്‍പ്പെടെ നടപ്പാക്കി, അസംഘടിത വിഭാഗങ്ങള്‍ക്കൊപ്പം നിന്നതിന്റെ ഫലം കൂടിയാണ് ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നു സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. ജാതി, സമുദായ സംഘടനകള്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കും ഉപരിയായി നടത്തിയ പ്രവര്‍ത്തനം പ്രതീക്ഷിച്ചതിനുമപ്പുറത്തുള്ള വിജയം അവിടെ സാധ്യമാക്കി.
ഈ സാഹചര്യത്തില്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയിക്കാനും ആര്‍.എസ്.എസ് പദ്ധതി തയ്യാറാക്കുകയാണ്. ഇതിനായി വിജയസാധ്യതയുള്ള ചില മണ്ഡലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. കുടുംബ ക്ഷേമത്തിലൂന്നിയ പദ്ധതികളാണ് ആവിഷ്‌കരിക്കുക. നടത്തിപ്പിനായി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തും. പിന്നാക്ക, ദലിത്, പട്ടിക വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ക്കായിരിക്കും മുന്‍തൂക്കം. വിവിധ സേവാസംഘങ്ങളുടെ പ്രവര്‍ത്തനം ക്രീയാത്മകവും സമയബന്ധിതവുമാക്കും. കേരളത്തില്‍നിന്നും കൂടുതല്‍ ആര്‍.എസ്.എസ് നേതാക്കളെ ബി.ജെ.പിക്കുവേണ്ടി വിട്ടുകൊടുക്കും. കേരളത്തോടൊപ്പം തമിഴ്‌നാട്ടിലും മികച്ച പ്രകടനം നടത്താന്‍ ആര്‍.എസ്.എസ് ഉദ്ദേശിക്കുന്നുണ്ട്. ജോയിന്‍ ആര്‍എസ്എസ് എന്ന പേരില്‍ ദക്ഷിണേന്ത്യയില്‍ ഒാണ്‍ലൈന്‍ പ്രചാരണ പരിപാടിയും ശക്തമാക്കും.
Post Your Comments