കേരള ടൂറിസം വകുപ്പിന്റെ സംരംഭമായ കേരള ബ്ലോഗ് എക്‌സ്പ്രസ്സിനെതിരെ വിമര്‍ശനം ശക്തമാകുന്നു. സംസ്ഥാനത്തെ ടൂറിസം വികസനത്തിനായും ആഗോള വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുമായാണ് കേരള ബ്ലോഗ് എക്‌സ്പ്രസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 30 രാജ്യാന്തര ബ്ലോഗര്‍മാരുമായി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന കേരള ബ്ലോഗ് എക്സ്പ്രസ് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ വെച്ചു കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്രിട്ടന്‍,കാനഡ, അമേരിക്ക, സ്പെയിന്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബ്രസീല്‍, ഇറ്റലി, മലേഷ്യ, സ്വീഡന്‍, അര്‍ജന്റീന, ഗ്രീസ് തുടങ്ങി 29 രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 29 ബ്ലോഗര്‍മാര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള ഏക അംഗമായ ദീപാന്‍ഷു ഗോയലും ബ്ലോഗ് എക്സ്പ്രസിലെ യാത്രയ്ക്കുണ്ട്. എന്നാല്‍ കേരളത്തില്‍ നിരവധി ശ്രദ്ധേയരായ ട്രാവല്‍ ബ്ലോഗര്‍മാര്‍ ഉള്ളപ്പോള്‍ അവരില്‍ ഒരാളെപ്പോലും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിദേശങ്ങളിലെ ലക്ഷക്കണക്കിന് ആളുകളിലേക്ക് ഇവരുടെ ബ്ലോഗ് ദിനംപ്രതി കണ്ടന്റുകളായും ദൃശ്യങ്ങളായും എത്തുന്നുണ്ട്.
മാര്‍ച്ച് 20-നും 26നും കൊച്ചി, 21ന് ആലപ്പുഴ, 22ന് കുമരകം, 23ന് തേക്കടി, 24നും 25നും മൂന്നാര്‍, 27നും 28നും തൃശൂര്‍, 29ന് കോഴിക്കോട്, 30ന് വയനാട്, 31ന് കണ്ണൂര്‍, ഏപ്രില്‍ ഒന്നിനും രണ്ടിനും കാസര്‍കോട് എന്നിവിടങ്ങളിലൂടെ റോഡുമാര്‍ഗം സഞ്ചരിക്കുന്ന ബ്ലോഗ് എക്സ്പ്രസ് ഏപ്രില്‍ മൂന്നിന് തിരുവനന്തപുരത്ത് ആണ് യാത്ര അവസാനിപ്പിക്കുന്നത്. രണ്ടാഴ്ചത്തെ പര്യടനത്തിലൂടെ അടുത്തറിയുന്ന കേരളത്തിന്റെ പ്രകൃതിഭംഗിയെപ്പറ്റി യാത്രികര്‍ ബ്ലോഗുകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളെഴുതുമെന്നും അതുവഴി കേരള ടൂറിസം പ്രമോട്ട് ചെയ്യപ്പെടുമെന്നുമാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. ഇതുവഴി കേരളത്തിന്റെ വിനോദസഞ്ചാര പ്രൗഢി, ആഗോള സഞ്ചാരസമൂഹം കൂടുതല്‍ അടുത്തറിയുകയും ഇവിടെയെത്തുകയും ചെയ്യുമെന്നും ടൂറിസം വകുപ്പ് കണക്കുകൂട്ടുന്നു. ആഗോളതലത്തില്‍ സാമൂഹിക മാധ്യമങ്ങളിലും ട്രാവല്‍ ടൂറിസം രംഗങ്ങളിലും ബ്ലോഗ് എക്സ്പ്രസ് ഏറെ ശ്രദ്ധേയമായ പ്രചാരണപരിപാടിയായാണ് വിലയിരുത്തപ്പെടുന്നത്. ഈ സംരംഭത്തിനായി ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അതേസമയം പ്രശസ്തരായ ട്രാവല്‍ ബ്ലോഗേഴ്‌സിനെ വോട്ടിങ്ങിലൂടെ തെരഞ്ഞെടുത്തതാണ് പരിപാടി നടത്തുന്നത് എന്നാണ് പറയപ്പെടുന്നത് എങ്കിലും അത് എത്രത്തോളം സുതാര്യമാണെന്ന് വ്യക്തമല്ലെന്നു കേരളത്തിലെ ബ്ലോഗര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ബ്ലോഗേഴ്‌സിനെ കേരളം മുഴുവന്‍ ഒരു വോള്‍വോ ബസ്സില്‍ കയറ്റി ചുറ്റി കാണിച്ച് മുന്തിയ ഹോട്ടലുകളില്‍ താമസിപ്പിച്ച് സുഖിപ്പിച്ച് വിടുന്നതാണ് പതിവ് രീതി. എന്നാല്‍ കേരളത്തില്‍ ഈ ബ്ലോഗേഴ്‌സിനെ കൊണ്ടുവരുമ്പോള്‍ കേരളാ ടൂറിസം മറക്കുന്നത് കേരളത്തിലുള്ള ബ്ലോഗേഴ്‌സിനെ തന്നെയാണ് എന്നത് ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി യാത്രകള്‍ നടത്തി സ്വന്തം നാട് പ്രൊമോട്ട് ചെയ്യുന്നവരാണ് കേരളത്തിലെ മിക്ക ബ്ലോഗര്‍മാരും. പുറമെ നിന്നും കുറച്ച് ആളുകളെ കൊണ്ട് വരുമ്പോള്‍ സ്വന്തം നാട്ടിലെ ബ്ലോഗേഴ്‌സിനെ കൂടി അവരുടെ കൂടെ ഉള്‍പ്പെടുത്തി ഒരു കമ്പയിന്‍ഡ് ട്രിപ്പ് ആലോചിക്കാന്‍ എന്ത് കൊണ്ട് കേരളാ ടൂറിസത്തിന് സാധിക്കുന്നില്ല എന്നാണ് ഇവരുടെ ചോദ്യം. സ്വന്തം നാട്ടിലെ ബ്ലോഗേഴ്‌സിനെ കൂടെ കൂട്ടുന്നത് മറ്റ് സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്കും കൂടുതല്‍ പ്രയോജനപ്പെടുമെന്നും അടുത്ത വര്‍ഷമെങ്കിലും മുറ്റത്തെ മുല്ലകളെ കേരളാ ടൂറിസം അധികൃതര്‍ തിരിച്ചറിയുമെന്നു പ്രതീക്ഷിക്കുന്നതായും ബ്ലോഗര്‍മാര്‍ അഭിപ്രായപ്പെടുന്നു.
Post Your Comments