KeralaNews

യുവാവിന്റെ ആത്മഹത്യ കൊലപാതകമായി മാറിയ കേസില്‍ ഭാര്യയുടെ ബന്ധുവായ പ്രതിക്കുവേണ്ടി തെരച്ചില്‍

കുണ്ടറ: രണ്ടുമാസം മുന്‍പ് ആത്മഹത്യയെന്നു പോലീസ് എഴുതിത്തള്ളിയ കേസ് കൊലപാതകമാണെന്നു തെളിഞ്ഞ സംഭവത്തില്‍ ഇനി പിടികൂടാനുള്ളത് പ്രതിയായ ഭാര്യയുടെ ബന്ധുവായ യുവാവിനെ. പത്തുവയസുകാരിയുടെ ആത്മഹത്യയും ഇതില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിയാതിരുന്നതിന്റെയും പേരില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സബ്ഇന്‍സ്‌പെക്ടറും സസ്‌പെന്‍ഷനിലായ കുണ്ടറ പോലീസിന് വീണ്ടും നാണക്കേടുണ്ടാക്കിയതാണ് ആത്മഹത്യയെന്നു പോലീസ് എഴുതിത്തള്ളിയ കേസ് കൊലപാതകമെന്ന് തെളിഞ്ഞത്. ഇതിന്റെ പേരില്‍ കുണ്ടറ പോലീസിനെതിരേ ഇനിയും നടപടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പടപ്പക്കര കാട്ടുവിള പുത്തന്‍വീട്ടില്‍ ജോസ്ഫിനയുടെ മകന്‍ ഷാജിയാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ ആശയെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ ഭാര്യ ഉള്‍പ്പടെ മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയിലെടടുത്തത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന, ആശയുടെ ബന്ധുവിനായാണ് പോലീസ് ഇപ്പോള്‍ തെരച്ചില്‍ അന്വേഷിക്കുന്നത്.

കുണ്ടറയില്‍ 10 വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കേസും പുനരന്വേഷണത്തിനെത്തിയത്. ഈ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പത്തുവയസുകാരി മരിച്ച സംഭവത്തില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛന്‍ വിക്ടര്‍ പോലീസ് പിടിയിലായി.

ജനുവരി 25ന് രാവിലെയാണ് ഷാജിയെ ഭാര്യ ആശയുടെ പടപ്പക്കര എന്‍എസ് നഗറിലുള്ള ആശാഭവനിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്തിയത്. നാട്ടുകാരാണ് ഈ വിവരം ഷാജിയുടെ മാതാവിനെ അറിയിച്ചത്. തുടര്‍ന്ന് മാതാവും ബന്ധുക്കളുമെത്തിയപ്പോള്‍ മൃതദേഹം വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്നതായാണ് കണ്ടത്. തുണിമാറ്റി നോക്കിയപ്പോള്‍ മൃതദേഹത്തില്‍ മുറിവുകളും ചതവുകളും രക്തപ്പാടുകളും കണ്ടത് സംശയത്തിന് ഇടയാക്കി. ആശയോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തലേദിവസം വൈകുന്നേരം അഞ്ചുമണിക്ക് മുറിയില്‍ കയറി ഷാജി കിടന്നതാണെന്നും രാത്രി ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടുകൂടി കതകു തുറന്നില്ലെന്നും പറഞ്ഞു. രാവിലെ ചായയുമായി എത്തിയപ്പോഴാണ് മരിച്ചുകിടക്കുന്ന വിവരം അറിഞ്ഞതെന്നുമാണ് മറുപടി നല്‍കിയത്.

എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് കുണ്ടറ പോലീസ് ആശയെ ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു തരത്തിലാണ് മൊഴി നല്‍കിയത്. രാത്രി ഏഴോടെ കിടപ്പുമുറിയില്‍ കയറിയ ഷാജിയെ രാത്രി പത്തുമണിയോടെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നും രക്ഷപെടുത്താനായി ഫാനില്‍ നിന്ന് അഴിച്ച് വേഗംതന്നെ താഴെ കിടത്തിയെന്നുമാണ് പോലീസിനോട് ഭാര്യയും ബന്ധുക്കളും പറഞ്ഞത്. എന്തുകൊണ്ട് ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ലെന്ന ചോദ്യത്തിന് ആ സമയത്ത് വാഹനം ലഭിച്ചില്ലെന്നാണ് പറഞ്ഞത്.

എന്നാല്‍ രാത്രി മരിച്ചുവെന്ന ഭാര്യ പറയുമ്പോള്‍ 25ന് രാവിലെയാണ് നാട്ടുകാര്‍പോലും വിവരം അറിഞ്ഞത്. മൃതദേഹ പരിശോധനയില്‍ ദേഹത്ത് കണ്ട മണ്ണും മുറിവുകളും രാത്രിയില്‍ വിവരം നാട്ടുകാര്‍ അറിയാഞ്ഞതും ആശയുടെ ഒരു ബന്ധു അര്‍ത്ഥരാത്രിയില്‍ ഇവരുടെ വീട്ടിലെത്തി മടങ്ങിയെന്ന ആരോപണവുമൊക്കെയായിരുന്നു മരണത്തില്‍ ദുരൂഹതയുണ്ടാക്കിയത്. സംഭവദിവസം രാത്രി വീട്ടിലെത്തിയ ആശയുടെ ബന്ധു, ഷാജിയെ മര്‍ദ്ദിച്ചതായി നാലുവയസുകാരനായ ഷാജിയുടെ മകന്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതേക്കുറിച്ചൊന്നും അന്വേഷിക്കാതെ കഴുത്തുമുറുകിയുള്ള മരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൂങ്ങിമരിച്ചതാണെന്ന് വിധിയെഴുതി പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

ഈ കേസ് അന്വേഷിച്ച കുണ്ടറ സിഐയും എസ്‌ഐയും പത്തുവയസുകാരിയുടെ മരണത്തിലെ അന്വേഷണത്തിലെ വീഴ്ചയുടെ പേരില്‍ സസ്‌പെന്‍ഷനിലായിരുന്നു. ഇതേതടുര്‍ന്നാണ് ഷാജിയുടെ മരണം വീണ്ടും അന്വേഷിച്ചതും കൊലപാതകം തെളിഞ്ഞതും.

shortlink

Post Your Comments


Back to top button