ലക്‌നൗ : ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി പദത്തിലേക്കുള്ള അപ്രതീക്ഷിത താരോദയമായിരുന്നു യോഗി ആദിത്യനാഥെന്ന റിപ്പോര്‍ട്ടുകളെ തള്ളി പുതിയ വെളിപ്പെടുത്തലുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും ഇംഗിതത്തിന് വിരുദ്ധമായി, ആര്‍എസ്എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതെന്നായിരുന്നു ഇതുവരെയുള്ള വിവരം. എന്നാല്‍, യുപിയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള നീക്കം പാര്‍ട്ടി നേതൃത്വം മാസങ്ങള്‍ക്കു മുന്‍പേ തുടങ്ങിയിരുന്നുവെന്ന് പ്രമുഖ ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് റിപ്പോര്‍ട്ട് ചെയ്തത്.
മുഖ്യമന്ത്രി പദത്തിലേക്കുള്ള യോഗി ആദിത്യനാഥിന്റെ വരവില്‍ ആര്‍എസ്എസ് കാര്യമായ പങ്കൊന്നും വഹിച്ചിട്ടില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ സമ്മര്‍ദ്ദമൊന്നും ചെലുത്തിയിട്ടില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമിത് ഷായും നരേന്ദ്ര മോദിയും ഉള്‍പ്പെടുന്ന ദേശീയ നേതൃത്വത്തിലെ വമ്പന്‍മാരുടെ മനസില്‍ യു.പി മുഖ്യമന്ത്രിയെന്ന നിലയില്‍ ഉണ്ടായിരുന്നത് ഒരേയൊരു പേരുമാത്രമാണെന്ന സൂചനയാണ് ഇതോടെ ശക്തമാകുന്നത്.
ചരിത്രവിജയം നല്‍കി അനുഗ്രഹിച്ച ഉത്തര്‍പ്രദേശിലെ ജനങ്ങളെ നയിക്കാന്‍ ഗൊരഖ്പുര്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരിയും ഹിന്ദു യുവവാഹിനി സ്ഥാപകനേതാവുമായ ആദിത്യനാഥിനെ തിരഞ്ഞെടുക്കാന്‍ എന്തായിരിക്കും കാരണം? ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കിടയില്‍ യോഗി ആദിത്യനാഥിനുള്ള ജനപ്രീതി തന്നെ മുഖ്യകാരണം. ജാതി രാഷ്ട്രീയം നിര്‍ണായകമായ യുപിയില്‍ വിവിധ ജാതിക്കാര്‍ക്കിടയില്‍ പൊതുസ്വീകാര്യനാണെന്നതും ആദിത്യനാഥിനു തുണയായതായി റിപ്പോര്‍ട്ട് പറയുന്നു. ആര്‍.എസ.്എസ് നേതൃത്വത്തിന്റെ അനുഗ്രഹം, ഏഴു ഘട്ടങ്ങളായി നടന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ നടത്തിയ ചിട്ടയായ പ്രചാരണ പ്രവര്‍ത്തനം എന്നിവയും മുഖ്യമന്ത്രിപദത്തിലേക്കുള്ള യാത്രയില്‍ യോഗിക്ക് തുണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലികളില്‍ ജനക്കൂട്ടങ്ങളെ ആകര്‍ഷിച്ച നേതാവുകൂടിയാണ് യോഗി ആദിത്യനാഥ്.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുന്‍പുതന്നെ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള താല്‍പര്യത്തെക്കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായിരുന്ന രാജ്‌നാഥ് സിങ്ങിനോട് ആരാഞ്ഞിരുന്നു. എന്നാല്‍, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിനുള്ള വിമുഖത തുറന്നുപറഞ്ഞ രാജ്‌നാഥ്, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതിലുള്ള അഭിപ്രായഭിന്നതയും നേതൃത്വത്തെ അറിയിച്ചു.
യു.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടു പേരുകളാണ് പാര്‍ട്ടി പരിഗണിക്കുന്നതെന്ന് അമിത് ഷാ, രാജ്‌നാഥ് സിങ്ങിനെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ രാജ്‌നാഥ് അല്ലെങ്കില്‍ യോഗി ആദിത്യനാഥ് എന്ന നിലപാടും അദ്ദേഹം രാജ്‌നാഥ് സിങ്ങിനോട് വെളിപ്പെടുത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ ആരു മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ ബിജെപി രഹസ്യമായി അഭിപ്രായ വോട്ടെടുപ്പും നടത്തിയിരുന്നുവെന്നാണ് സൂചന. രാജ്‌നാഥ് സിങ് ഏറ്റവും കൂടുതല്‍ പേരുടെ പിന്തുണ നേടിയപ്പോള്‍, ചെറിയ ശതമാനം വോട്ടുകള്‍ക്ക് ആദിത്യനാഥാണ് തൊട്ടുപിന്നിലെത്തിയത്. രാജ്‌നാഥ് സിങ് പിന്‍മാറിയപ്പോള്‍ സ്വാഭാവികമായും യോഗി ആദിത്യനാഥ് സാധ്യതാപട്ടികയില്‍ മുന്നിലെത്തുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ചിട്ടയായുള്ള പ്രവര്‍ത്തനങ്ങളിലൂടെയും യോഗി ആദിത്യനാഥ് പാര്‍ട്ടി നേതൃത്വത്തിന്റെ കൈയ്യടി നേടി. വിമത ശല്യം രൂക്ഷമായിരുന്ന അവസാന ഘട്ട വോട്ടെടുപ്പില്‍, പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാന്‍ വീടുകള്‍ കയറിയുള്ള പ്രചാരണം നടത്താനും അദ്ദേഹം മുന്നിട്ടിറങ്ങി. ഇത്തരത്തില്‍ രാഷ്ട്രീയ വെല്ലുവിളികളെ നേരിടാന്‍ ആദിത്യനാഥ് കാട്ടിയ ആര്‍ജവവും നേതൃത്വത്തിന് നന്നേ ബോധിച്ചു.
ബിജെപിക്കു ചരിത്രവിജയം സമ്മാനിച്ച 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു മുതല്‍ യുപിയില്‍ അമിത് ഷായുടെ വിശ്വസ്തനാണ് ആദിത്യനാഥെന്ന ‘രഹസ്യ’വും നേതാക്കള്‍ പങ്കുവച്ചു. രാജ്‌നാഥ് സിങ്ങിനു പുറമെ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കാന്‍ ദേശീയ നേതൃത്വം നിയോഗിച്ച നേതാവു കൂടിയായിരുന്നു ആദിത്യനാഥ്. മുഖ്യമന്ത്രി പദത്തിലേക്കുള്ള ആദിത്യനാഥിന്റെ വരവ് അവിചാരിതമായി ലഭിച്ച ‘ലോട്ടറി’യല്ലെന്ന് സാരം.
എല്ലാറ്റിലുമുപരി, സന്യാസിയെന്ന നിലയില്‍ വ്യത്യസ്ത ജാതിക്കാര്‍ക്കിടയില്‍ ആദിത്യനാഥിനുള്ള സ്വീകാര്യതയും അധികനേട്ടമായി. ജാതികള്‍ക്ക് അതീതനായ നേതാവാണ് ആദിത്യനാഥെന്ന വികാരമാണ് സംസ്ഥാനത്ത് പൊതുവെയുള്ളതെന്ന് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. യുപിയിലെ പ്രബലരായ ബ്രാഹ്മണ വിഭാഗവും ആദിത്യനാഥിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Post Your Comments