ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ബില്‍ നിയമമായി. ഹിന്ദു വിവാഹ നിയമം 2017 പാകിസ്ഥാന്‍ പ്രസിഡന്റ് മമ്‌നൂണ്‍ ഹുസൈന്‍ ബില്ലില്‍ ഒപ്പുവച്ചതോടെയാണ് പ്രാബല്യത്തില്‍ വന്നത്. ഹിന്ദു വിവാഹം നിയമപരമാക്കാനും കുടുംബത്തിന്റെയും സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഈ നിയമം സഹായകമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇതോടെ മതാചാര പ്രകാരമുള്ള വിവാഹങ്ങള്‍ക്ക് നിയമ പ്രാബല്യമുണ്ടാകും. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകം ഓഫീസുകള്‍ തുറക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.
ഗവണ്‍മെന്റ് ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമാണെന്നും അത് പാലിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. പുതിയ നിയമത്തിന്റെ ഭാഗമായി രജിസ്ട്രേഷനും മറ്റു കാര്യങ്ങള്‍ക്കുമായി ആവശ്യമായ ഇടങ്ങളിലെല്ലാം പ്രത്യേക രജിസ്ട്രാറെ നിയമിക്കും. ഇത് ഹിന്ദു വിഭാഗങ്ങള്‍ കൂടുതലുള്ള മേഖലകളിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനുള്ള അവകാശങ്ങള്‍, കോടതി വഴിയുള്ള വിവാഹമോചനം, നിയമപരവും അല്ലാത്തതുമായ വിവാഹങ്ങള്‍, വിവാഹം അസാധുവാക്കല്‍, ഭാര്യയുടെയും കുട്ടികളുടെയും സാമ്പത്തിക ഭദ്രത, ഉഭയസമ്മതത്തോടെയുള്ള വിവാഹമോചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ കാര്യങ്ങളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹമോചനം നേടിയ ദമ്പതികള്‍ക്ക് ആവശ്യമെങ്കില്‍ പുനര്‍ വിവാഹം ചെയ്യാനും നിയമം അനുമതി നല്‍കുന്നുണ്ട്. ഒരു ലക്ഷം രൂപവരെ പിഴയും ജയില്‍ ശിക്ഷയും നിയമം ലംഘിക്കുന്നവര്‍ക്ക് അനുഭവിക്കേണ്ടി വരും. നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസുകള്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലാകും വിചാരണ ചെയ്യുക.
ഹിന്ദു വിവാഹവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ നിര്‍മിക്കുന്ന ആദ്യ നിയമബില്ലാണിത്. മാര്‍ച്ച് പത്തിനാണ് പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ബില്‍ പാസാക്കിയത്. സെനറ്റില്‍ ഭേദഗതി വരുത്തിയ ശേഷമായിരുന്നു ബില്‍ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയച്ചത്.
Post Your Comments