
സൗദി അറേബ്യയില്‍ സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ വിദേശികള്‍ക്കു സ്വന്തം പേരില്‍ സ്ഥാപനം ആരംഭിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് ഉടന്‍ വന്നേക്കും.
ഉത്തരവിറങ്ങുന്നതോടെ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ ആരംഭിക്കാനാവും. സ്ഥാപനം ആരംഭിക്കുമ്പോള്‍ സ്വന്തം പേരിലേക്കു തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറാം. വര്‍ക്ഷോപ്പുകള്‍, ഹോട്ടലുകള്‍, കരാര്‍ കമ്പനികള്‍, നിര്‍മാണ സ്ഥാപനങ്ങള്‍ തുടങ്ങി ഏതു സ്ഥാപനവും ആരംഭിക്കാനാവും. എന്നാല്‍, ഇവയ്‌ക്കെല്ലാം നിയമപരമായ ലൈസന്‍സ് നേടിയിരിക്കണം.
നികുതി ഏര്‍പ്പെടുത്തിയായിരിക്കും വിദേശികളെ സ്ഥാപനം നടത്താന്‍ അനുവദിക്കുക. രണ്ടു വിധത്തിലാണ് നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്: സാധനങ്ങളുടെ ഇറക്കുമതി, വില്‍പന, ഇടപാട്, ലാഭം എന്നിവ കണക്കാക്കി 20 ശതമാനവും ലാഭം ലഭിക്കാത്തതോ ലാഭവിവരങ്ങള്‍ ലഭിക്കാത്തതോ ആയ വിഭാഗങ്ങളില്‍ നിശ്ചിത ശതമാനവുമാണ് നികുതി ഏര്‍പ്പെടുത്തുക.
എന്നാല്‍, ചില വിഭാഗങ്ങളില്‍ 25 ശതമാനം വരെ നികുതി ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. കരാര്‍ മേഖലയില്‍ 15 ശതമാനവും കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ക്ക് 25 ശതമാനവുമായിരിക്കും നികുതി. ഇതു സംബന്ധിച്ച പഠനം അന്തിമഘട്ടത്തിലാണ്.
സ്വദേശികളുടെ പേരില്‍ വിദേശികള്‍ രാജ്യത്ത് വന്‍തോതില്‍ ബിനാമി ബിസിനസ് നടത്തുന്നതായുള്ള കണ്ടെത്തലാണ് വിദേശികള്‍ക്കു തന്നെ സ്ഥാപനം നടത്താന്‍ അനുമതി നല്‍കുന്നതിനെക്കുറിച്ച് സൗദി സര്‍ക്കാര്‍ ആലോചിയ്ക്കാന്‍ കാരണം. ഇതിനായി നിലവിലുള്ള നിയമം ഭേദഗതി ചെയ്യും. രാജ്യത്ത് വിദേശികള്‍ക്കു സ്വതന്ത്രമായി സ്ഥാപനം ആരംഭിക്കാന്‍ അനുമതി നല്‍കുന്നതിനെക്കുറിച്ച് പഠനം നടത്തിവരികയാണെന്ന് സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഡോ.മാജിദ് അല്‍ ഖസ്ബി അറിയിച്ചിരുന്നു. സമ്പദ് വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന ബിനാമി ബിസിനസ് അവസാനിപ്പിക്കാനുള്ള മാര്‍ഗം വിദേശികളെ സ്വതന്ത്രമായി കച്ചവടം നടത്താന്‍ അനുവദിക്കുക മാത്രമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സൗദിയില്‍ നിക്ഷേപം നടത്താന്‍ അവസരമില്ലാത്തതിനാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്കു വന്‍തോതില്‍ പണം അയക്കുന്നതെന്ന് സൗദി ധനമന്ത്രാലയം വിലയിരുത്തുന്നു.
Post Your Comments