മെൽബൺ ; കുർബാനയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു. ഓസ്ട്രേലിയയിലെ മെൽബണിലെ ഫോക്നർ നോർത്തിലുള്ള സെന്റ് വില്യം ദേവാലയത്തിലെ ഫാ.ടോമി കളത്തൂർ മാത്യുവിനാണ് (48) കുത്തേറ്റത്. ഞായറാഴ്ച രാവിലെ 11 ന് ആയിരുന്നു സംഭവം. ഇറ്റാലിയൻ കുർബാനയാണ് ഈ സമയം നടന്നുകൊണ്ടിരുന്നത്. കഴുത്തിൽ ഗുരുതരമായി കുത്തേറ്റ ഫാ.ടോമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ആരോഗ്യം വീണ്ടടെത്തുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.
പള്ളിയിൽ അതിക്രമിച്ചു കയറിയ അക്രമി വാക്കുതർക്കത്തെ തുടർന്ന് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഫാ.ടോമിയെ കുത്തുകയായിരുന്നു. നിങ്ങൾ ഇന്ത്യക്കാരനാണ്. ഹിന്ദുവോ മുസ്ലിമോ ആണ്. നിങ്ങൾ കുർബാന അർപ്പിക്കാൻ പാടില്ല. നിങ്ങളെ കൊല്ലും എന്ന് ആക്രോശിച്ചാണ് അക്രമി ടോമിക്കു നേരെ ചാടിവീണത്.
കഴിഞ്ഞയാഴ്ചയും അക്രമി പള്ളിയിൽ എത്തിയിരുന്നു എന്നാൽ ഇയാൾ കുർബാനകളിലൊന്നും പങ്കെടുത്തിരുന്നില്ല എന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമി ഇറ്റലിക്കാരനാണെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Post Your Comments