ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ കാണാതായ മുസ്ലിം പുരോഹിതര്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സിന്റെ പിടിയിലായതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കസ്റ്റഡിയിലെടുത്ത ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി ഔദ്ദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ ലണ്ടനിലുള്ള മുത്തഹിദ ഖൗമി മൂവ്‌മെന്റ് (എം.ക്യൂ.എം) നേതാവ് അല്‍ത്താഫ് ഹുസൈനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
മാര്‍ച്ച് എട്ടിന് പാകിസ്ഥാനിലേക്ക് പോയ, നിസാമുദീന്‍ ദര്‍ഗയിലെ മുഖ്യപുരോഹിതന്‍ ആസിഫ് അലി നിസാമിനെയും മരുമകന്‍ നാസിം അലി നിസാമിനെയുമാണ് കാണാതായത്. ലാഹോറില്‍ നിന്നും കറാച്ചിയിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തില്‍ നിന്നാണ് ഇരുവരെയും കാണാതായത്.
പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സി ഉദ്ദ്യോഗസ്ഥര്‍ ഇവരെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണെന്നാണ് സൂചന. പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ കസ്റ്റഡിയിലാണെന്ന് സംശയമുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞിരുന്നു. പുരോഹിതന്മാരെ പാകിസ്ഥാനിലേക്ക് കൊണ്ടുപോയവരുമായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതര്‍ സംസാരിച്ചുവെങ്കിലും പാകിസ്ഥാന്‍ അധികൃതരുടെ സമ്മര്‍ദ്ദം കാരണം ഇവര്‍ ഒന്നും വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഇവര്‍ക്കെതിരെ കുറ്റമൊന്നും തെളിയിക്കാനായില്ലെങ്കില്‍ ഉടനെ വിട്ടയക്കുമെന്നും പറയപ്പെടുന്നു.
പാക്കിസ്ഥാന്‍ സര്‍ക്കാരുമായി ഇക്കാര്യം സംസാരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ട്വിറ്ററിലാണ് സുഷമ സ്വരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കാണാതായവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവം നിരീക്ഷിച്ച് വരികയാണെന്നുമാണ് പാകിസ്ഥാന്‍ അധികൃതര്‍ ഇന്നലെ പറഞ്ഞിരുന്നത്.
Post Your Comments