ലുധിയാന : ഡല്‍ഹി-അമൃത്സര്‍ സ്വര്‍ണ ശതാബ്ദി എക്സ്പ്രസ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു കര്ഷകന്. റെയില്‍വെ വികസനത്തിനായി ഭൂമി വിട്ടുനല്‍കിയതിന് മതിയായ നഷ് ടപരിഹാരം നല്കുന്നതില് വീഴ്ച വരുത്തിയതിനാണ് പണത്തിന് പകരം ട്രെയിന്‍ ജപ്തി ചെയ്ത് കര്‍ഷകനായ സമ്പൂരാന് സിങ്ങിന് നല്‍കിയത്. ബുധനാഴ്ച വൈകുന്നേരം ട്രെയിന്‍ ലുധിയാന സ്റ്റേഷനില്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ സമ്പൂരാനും അഭിഭാഷകനും സ്റ്റേഷനിലെത്തി. ട്രെയിന്‍ 6.55 ന് എത്തിയപ്പോള്‍ കോടതി ഉത്തരവ് അവര്‍ ഡ്രൈവര്‍ക്ക് കൈമാറി. നടപടി ക്രമങ്ങള്‍ അഞ്ച് മിനിറ്റ് മാത്രമേ നീണ്ടുള്ളൂ. ട്രെയിന്‍ തടയാനൊന്നും ആ കര്ഷകന് മിനക്കെട്ടില്ല. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാല്‍ ജപ്തി നടപടിക്ക് ശേഷം ട്രെയിന്‍ സര്‍വീസ് തുടര്‍ന്നു.
2007 ല്‍ ലുധിയാന-ചണ്ഡിഗഢ് റെയില്‍വേ ലൈനിന് വേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്. ഏക്കറിന് 25 ലക്ഷം എന്ന നഷ്ടപരിഹാരം കോടതി 50 ലക്ഷമാക്കി ഉയര്‍ത്തി. ഇതനുസരിച്ച് സമ്പൂരാന് 1.47 കോടി രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ റെയില്‍വെ 42 ലക്ഷം മാത്രമാണ് നല്‍കിയത്. ബാക്കി തുകയ്ക്കായി അദ്ദേഹം നിയമനടപടിയുമായി മുന്നോട്ട് പോയി. 2015 ജനുവരിക്ക് മുമ്പ് ബാക്കി തുക നല്കാന് കോടതി ഉത്തരവിട്ടു. അത് കിട്ടാതെ വന്നതോടെ വീണ്ടും കേസ് കോടതി കയറി ഇപ്പോള്‍ ജപ്തിയിലെത്തുകയായിരുന്നു. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജസ്പാല്‍ വര്‍മ്മയാണ് അപൂര്‍വമായ വിധിയിലൂടെ ട്രെയിന്‍ നമ്പര്‍ 12030 സ്വര്‍ണ ശതാബ്ദി ട്രെയിന്‍ ലുധിയാന സ്റ്റേഷനില്‍ വച്ച് സാങ്കേതികമായി സമ്പൂരാന് സിങ്ങിന് കൈമാറിയത്. ലുധിയാന സ്റ്റേഷന് മാസ്റ്ററുടെ ഓഫീസും ജപ്തി ചെയ്ത വകയില്‍ ഉള്‍പ്പെടുന്നു.
Post Your Comments