പനാജി: ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെട്ട മുതിര്‍ന്ന നേതാവ് എംഎല്‍എ സ്ഥാനം രാജിവച്ച് പാര്‍ട്ടി വിട്ടു. വിശ്വജിത്ത് റാണെ ആണ് എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജിവച്ചത്.
വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതിന് തൊട്ടുമുന്‍പ് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയ റാണെ തുടര്‍ന്ന് കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് രാജി പ്രഖ്യാപിക്കുകയായിരുന്നു.
ഞാന്‍ എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗത്വവും രാജിവയ്ക്കുന്നു. ഞാന്‍ എന്റെ ജനങ്ങള്‍ക്കു മുന്‍പിലേക്കു വീണ്ടും തെരഞ്ഞെടുപ്പിനായി പോകുകയാണെന്നു റാണെ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വവും ദിഗ്വിജയ് സിംഗും ഗോവയില്‍ വന്‍ പരാജയമാണെന്നും റാണെ ആരോപിച്ചു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സംഗിനെയായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഗോവയില്‍ മറ്റുകക്ഷികളുമായി ചര്‍ച്ച നടത്തി ധാരണയുണ്ടാക്കി സര്‍ക്കാരുണ്ടാക്കാന്‍ ചുമതലപ്പെടുത്തി അയച്ചത്. എന്നാല്‍ സിംഗിനും ഒപ്പമെത്തിയ കെ.സി.വോണുഗോപാലിനും മറ്റുകക്ഷികളുമായി ധാരണയുണ്ടാക്കാന്‍ കഴിഞ്ഞില്ല. ചെറുകക്ഷികള്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ ബിജെപിയെയാണ് പിന്തുണച്ചത്. മനോഹര്‍ പരീക്കറുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ചയാണ് തനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയാതിരുന്നതിന് പിന്നിലെന്നാണ് റാണെ പറയുന്നത്.
കോണ്‍ഗ്രസ് വിട്ടശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമെന്ന് റാണെ വ്യക്തമാക്കിയില്ലെങ്കിലും ബിജെപിയിലേക്കു ചേക്കേറാനുള്ള സാധ്യതകള്‍ അദ്ദേഹം തള്ളിക്കളഞ്ഞില്ല. അഞ്ചുതവണ ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രാതപ് റാണെയുടെ മകനാണ് വിശ്വജിത്ത് റാണെ.
17 സീറ്റ് നേടിയ കോണ്‍ഗ്രസിനെ മറികടന്നാണ് രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപി മറ്റുപാര്‍ട്ടികളുടെ സഹായത്തോടെ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.
Post Your Comments