NewsGulf

‘വാറ്റ്’ : യുഎഇയില്‍ വീട്ടുവാടക കുത്തനെ കൂടും

അബുദാബി: വ്യാപാരികള്‍ക്കും ഭൂവുടമകള്‍ക്കും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാല്യൂ ആഡഡ് ടാക്‌സ് -വാറ്റ്) ഏര്‍പ്പെടുത്താനുള്ള യുഎഇ സര്‍ക്കാരിന്റെ തീരുമാനം മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും. അഞ്ചുശതമാനം നികുതി വരുന്നതോടെ വീട്ടുവാടക വന്‍തോതില്‍ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ വാറ്റ് ഏര്‍പ്പെടുത്തുമെന്നാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ റവന്യൂവരുമാനം വര്‍ധിപ്പിക്കാനും സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടുമാണ് മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള എഫ്എന്‍സി തീരുമാനം.

വര്‍ഷത്തില്‍ 3,70,000 ദിര്‍ഹത്തിലധികം വരുമാനമുള്ള എല്ലാ സ്വകാര്യ വ്യാപാരികളും ഭൂവുടമകളും വാറ്റ് നികുതി അടയ്ക്കണം. ഭൂവുടമകളുടെ നികുതി കൂടുന്നതോടെ സ്വാഭാവികമായും വാടകയും വര്‍ധിക്കും. ഇതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്.

കണക്കുകള്‍ പ്രകാരം രാജ്യത്ത് നാലര ലക്ഷം സ്വകാര്യ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വൈകാതെ ആറു ലക്ഷമായി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത്തരം കമ്പനികളില്‍ നിന്ന് വാറ്റ് നികുതി ഈടാക്കുന്നതോടെ രാജ്യത്തിന്റെ വരുമാനം വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

ജിസിസി രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നിവര്‍ ചേര്‍ന്ന് അഞ്ചുശതമാനം വാറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള കരാര്‍ കഴിഞ്ഞവര്‍ഷം ഒപ്പുവച്ചിരുന്നു. കരാര്‍ പ്രകാരം 2019 ജനുവരി ഒന്നിനുമുന്‍പായി എല്ലാ രാജ്യങ്ങളും വാറ്റ് ഏര്‍പ്പെടുത്തണം. ഇതിന്റെ ഭാഗമായാണ് അടുത്തവര്‍ഷം ജനുവരി മുതല്‍ യുഎഇ നികുതി ഈടാക്കിത്തുടങ്ങുന്നത്.

shortlink

Post Your Comments


Back to top button