KeralaNews

പത്തുവയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവം: സിഐക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കൊല്ലത്തിനടുത്ത് കുണ്ടറയില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ പത്തുവയസുകാരിയെ കണ്ടെത്തിയ സംഭവത്തില്‍ കുണ്ടറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കുണ്ടറ സിഐ സആര്‍.സാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടും അന്വേഷണം നടത്താതിരുന്നതിനെ തുടര്‍ന്നാണ് സിഐയെ സസ്‌പെന്‍ഡ് ചെയ്തത്.

പാലക്കാട് വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിനു സമാനമായ സംഭവമാണ് കൊല്ലം കുണ്ടറയിലും ഉണ്ടായത്. ജനുവരി 15 നാണ് കുട്ടിയെ വീട്ടിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മരണത്തില്‍ അപ്പോള്‍ മുതല്‍ തന്നെ സംശയവുമുയര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി തുടര്‍ച്ചായി ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാകുകയും ചെയ്തു. സ്വകാര്യഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകളുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകസാധ്യത പോലും സംശയിക്കുന്ന കേസിലാണ് പോലീസിന്റെ ഗുരുതരമായ അനാസ്ഥ കാട്ടിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജനുവരി 16ന് തന്നെ കൊല്ലം റൂറല്‍ എസ്പിക്കും കുണ്ടറ സിഐയ്ക്കും ലഭിച്ചിട്ടും അന്വേഷണം നടത്തുകയോ പ്രതിയെ അറസ്റ്റു ചെയ്യുകയോ ചെയ്തില്ല. മകള്‍ ആത്മഹത്യ ചെയ്തതല്ലെന്ന് പറഞ്ഞ് കുണ്ടറ പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയിട്ടും പോലീസ് അനാസ്ഥ കാട്ടിയെന്നാണ് കുട്ടിയടെ അച്ഛന്‍ പറഞ്ഞത്.

കുട്ടിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്ത കുറിപ്പില്‍ കുടുംബപ്രശ്മാണ് ആത്മഹത്യക്ക് കാരണമെന്ന് എഴുതിയിരുന്നു. പക്ഷെ ആത്മഹത്യകുറിപ്പ് കുട്ടിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സമയമാകുമ്പോള്‍ പ്രതിയെ പിടിക്കുമെന്നായിരുന്നു ഈ കേസുമായി ബന്ധപ്പെട്ട് കുണ്ടറ സിഐയുടെ പ്രതികരണം. അന്വേഷണത്തിന് അതിന്റേതായ രീതിയുണ്ടന്നും കുടുംബത്തെ ചോദ്യം ചെയ്യാന്‍ പ്രശ്‌നങ്ങളുണ്ടെന്നുമുള്ള മറുപടിയാണ് സിഐ നല്‍കിയത്. പോലീസിന്റെ അന്വഷണത്തിലെ അലംഭാവം വിവാദമായതിനെ തുടര്‍ന്നാണ് സിഐയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവ് ഇറങ്ങിയത്.

shortlink

Post Your Comments


Back to top button