Kerala

ഹരിത കേരളം പദ്ധതിക്കായി കേരളം കൈകോര്‍ക്കുമ്പോള്‍ അധികൃതരുടെ ഒത്താശയോടെ പച്ചപ്പ് നശീകരണം ; ജനരോഷം കനക്കുന്നു

കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുമായി മുഴുവന്‍ ത്രിതല പഞ്ചായത്തു സംവിധാനങ്ങളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ അധികൃതരുടെ ഒത്താശയോടെ നടക്കുന്ന പച്ചപ്പ് നശീകരണം വ്യാപക പ്രതിഷേധത്തിന് കാരണമാവുന്നു.

കണ്ണൂരിലെ പാട്യം പഞ്ചായത്തിന്റെ ഭാഗമായ മുതിയങ്ങയിലാണ് നീര്‍ച്ചോലകളുടെ അരികുഭിത്തി സംരക്ഷണം എന്ന പേരും പറഞ്ഞു പ്രകൃതിയിലെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകര്‍ത്തുകൊണ്ടുള്ള പച്ചപ്പ് നശീകരണം നടന്നുകൊണ്ടിരിക്കുന്നത്.പാട്യം പഞ്ചായത്തിലെ പുതിയ തെരുവിന്റെയും മുതിയങ്ങയുടെയും ഇടയിലൂടൊഴുകുന്ന സ്വാഭാവിക നീര്‍ച്ചാലായ കല്ലുമ്മത്തോട്ടിലാണ് ജലസംരക്ഷണത്തിനുള്ള പ്രകൃതിയുടെ തന്നെ കവചങ്ങളായ മുള്‍കൈതക്കാടുകളും മുളകളും മറ്റുവന്മരങ്ങളും തെങ്ങും കവുങ്ങുമുള്‍പ്പടെയുള്ള നാണ്യവിളകളും വെട്ടിമാറ്റി പാര്‍ശ്വഭിത്തികള്‍ കരിങ്കല്‍ കെട്ടി ഉറപ്പിക്കുന്ന പ്രവൃത്തി നടന്നുവരുന്നത്.നാടും നഗരവും വരള്‍ച്ചയിലും കൊടും ചൂടിലും കുടിവെള്ള ക്ഷാമത്തിലും പെട്ട് വലയുമ്പോഴാണ് പ്രകൃതി സ്‌നേഹികളുടെയും വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും പ്രതിഷേധം കണക്കിലെടുക്കാതെ പ്രകൃതി സംരക്ഷണം ഉറപ്പാക്കാന്‍ മറ്റാരേക്കാളും ബാധ്യസ്ഥരായ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും അനുവാദത്തോടെ ലാന്‍ഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ഫണ്ടുപയോഗിച്ച് പച്ചപ്പുകള്‍ വേരോടെ പിഴുതുമാറ്റി നടത്തുന്ന ഈ നിര്‍മാണ പ്രവര്‍ത്തനം.

പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ത്തുകൊണ്ട് നടത്തുന്ന ഈ നിര്‍മാണ പ്രവൃത്തിമൂലം ജല സംരക്ഷണമോ ജലവിനിയോഗമോ നടക്കുകയില്ല എന്നുള്ളത് കരിങ്കല്‍ഭിത്തി കെട്ടിപ്പടുത്ത വേനല്‍ക്കാലത്ത് വരണ്ടുകിടക്കുന്ന സമീപപ്രദേശത്തെ പുഴ തന്നെ സാക്ഷ്യപ്പെടുത്തുന്നു.സ്വാഭാവിക നീര്‍ചാലുകളിലെ ജലസംരക്ഷണത്തില്‍ കാതലായ പങ്കുവഹിക്കുന്ന കൈതക്കാടുകളും മറ്റും വേരോടെ പിഴുതുമാറ്റി കരിങ്കല്‍ ഭിത്തി കെട്ടുമ്പോള്‍ മഴക്കാലത്തു ലഭ്യമാവുന്ന വെള്ളം കുത്തിയൊലിച്ചു പോവുകയും പിന്നീട് വേനല്‍ക്കാലത്ത് ഊഷരമായ തോടായിമാറുകയും ചെയ്യുകയാണ് ഉണ്ടാവുക എന്ന വാസ്തവം മുന്നില്‍ നില്‍ക്കെ,അശാസ്ത്രീയമായ ഈ നിര്മാണപ്രവര്‍ത്തി എന്തിനു വേണ്ടിയെന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ചോദ്യം.

നിലവില്‍ കുടിവെള്ള പ്രശ്‌നമില്ലാത്ത ഈ ഗ്രാമീണ മേഖലയെകൂടി വരള്‍ച്ചയുടെ പിടിയിലാഴ്ത്തുക മാത്രമേ ഈയൊരു നടപടികൊണ്ടു ഉണ്ടാവുകയുള്ളൂ എന്നുള്ള തിരിച്ചറിവിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈയൊരു പ്രവര്‍ത്തിക്കെതിരെ പൊതുജനശ്രദ്ധയും സര്‍ക്കാര്‍ ശ്രദ്ധയും ആവശ്യപ്പെടുന്നത്.എന്നാല്‍ ലാന്‍ഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ പദ്ധതിയ്ക്ക് സ്ഥലമുടമകളുടെ സമ്മതമുണ്ടെന്നാണ് പഞ്ചായത്തധികൃതരുടെയും ഉദ്യോഗസ്ഥരുടെയും ഭാഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button