Kerala

എന്‍ജിന്‍ പൊളിച്ചെടുത്ത 68 ലക്ഷത്തിന്റെ വോള്‍വോ ബസ് വര്‍ക്ക്‌ഷോപ്പില്‍ ഒളിവാസം

തിരുവനന്തപുരം: 68 ലക്ഷത്തിന്റെ വോള്‍വോ ബസ് വര്‍ക്ക്‌ഷോപ്പില്‍ തുരുമ്പുപിടിച്ച് ഒളിവാസ കേന്ദ്രമായി. പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിലാണ് ഇങ്ങനെയൊരു കാഴ്ച. കഴിഞ്ഞ ഒന്നര വര്‍ഷമായി എന്‍ജിനില്ലാത്ത വോള്‍വോ വര്‍ക്ക്‌ഷോപ്പിനു പിന്നിലെ ഷെഡില്‍ തുരുമ്പെടുത്ത യന്ത്രസാമഗ്രികള്‍ കൊണ്ട് മറച്ച് സൂക്ഷിക്കുന്നു.

2008ലാണ് തിരുവനന്തപുരം- ബാംഗ്ലൂര്‍ സര്‍വീസിനായി മൂന്നു വോള്‍വോ ബസുകള്‍ കെ.എസ്.ആര്‍.ടി.സി സഹകരണ സൊസൈറ്റിയില്‍ നിന്ന് ലോണെടുത്ത് വാങ്ങിയത്. ആര്‍.എ 100,101, 102 നമ്പര്‍ ബസുകളായിരുന്നു വാങ്ങിയത്. ബസ് വാങ്ങി കുറച്ചു വര്‍ഷമായപ്പോള്‍ തന്നെ മൂന്നു ബസുകളും കട്ടപ്പുറത്തായി. സ്വകാര്യ സര്‍വീസുകളെ സഹായിക്കാനായാണ് ബസുകളെ കേടാക്കിയതെന്ന് അന്ന് ആക്ഷേപമുയര്‍ന്നു. ബസൊന്നിന്ന് 65 ലക്ഷം രൂപയായിരുന്നു അന്ന് ചെലവായത്.

2010 ഓടെ 100,102 നമ്പരിലുള്ള ബസുകള്‍ സര്‍വീസിനായി ആലപ്പുഴ ഡിപ്പോയിലേക്ക് കൊണ്ടുപോയതാണ്. അതില്‍ 100-ാം നമ്പര്‍ ബസിനെയാണ് പിന്നീട് എന്‍ജിന്‍ പൊളിച്ചുമാറ്റിയ നിലയില്‍ വികാസ് ഭവന്‍ ഡിപ്പോയില്‍ കണ്ടെത്തിയത്. അന്ന് ആ സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് അതീവ രഹസ്യമായി വോള്‍വോ ബസ് സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റി. ബസിലെ എല്ലാ ഭാഗങ്ങളും പൊളിച്ച് ബോഡി മാത്രമാണ് സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിലുള്ളത്.

സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിലെ കാന്റീനു മുന്നിലിട്ടിരുന്ന ബസ് പെട്ടെന്നൊരു ദിവസം പിറകുവശത്തേക്ക് മാറ്റുകയായിരുന്നു. കെ.എസ്.ആര്‍.ടി.സിയിലെ ഒരു ജീവനക്കാരന്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. 2014 മുതല്‍ 15 വരെ 39 ദിവസം സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ പണി ചെയ്യാനായി കൊണ്ടിട്ടിരുന്നു എന്നും അതല്ലാതെ വോള്‍വോ ബസ് സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടിട്ടിട്ടില്ലെന്നുമാണ് ഇക്കാര്യത്തില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിലെ രേഖകളില്‍ ആ കാലയളവില്‍ ഇത്തരമൊരു വര്‍ക്ക് നടന്നതിന്റെ ഒരു തെളിവുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button