തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ പെട്ടെന്ന് ജാഗ്രതാനിര്‍ദേശം എത്തിയപ്പോള്‍ ഏവരും ഭയന്നു. ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ ജനങ്ങളും കാര്യമെന്തെന്നറിയാതെ പകച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്റെ ഓഫീസിലെത്തിയ പാഴ്സലില്‍ ബോംബ് എന്ന വാര്‍ത്ത പിന്നാലെയെത്തിയത്. ബോംബ് സ്‌ക്വാഡും അഗ്‌നിശമനസേനയും പോലീസും കമാന്‍ഡോകളും നിമിഷങ്ങള്‍ക്കുള്ളില്‍ കന്റോണ്‍മെന്റ് ഗേറ്റ് വഴി സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രധാന ബ്ലോക്കിലേക്കു പാഞ്ഞെത്തി. ബോംബ് സ്‌ക്വാഡ് അംഗങ്ങള്‍ ബോംബ് നിര്‍വീര്യമാക്കാനുള്ള നടപടികളും ആരംഭിച്ചു.
പാഴ്സല്‍ തുറന്നതോടെയാണ് ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്ക് അവസാനമായത്. ഇടതുപക്ഷ സര്‍ക്കാരിന് എ.ബി.വി.പിയുടെ സമ്മാനമാണു പാഴ്സലിലുണ്ടായിരുന്നത്. ‘സ്ത്രീവിരുദ്ധ മുഖമുള്ള സര്‍ക്കാര്‍ സാരിയുടുത്തു നടക്കുക’ എന്ന കുറിപ്പോടെ മൂന്നു സാരിയാണു പാഴ്സലില്‍ ഉണ്ടായിരുന്നത്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമെന്ന ചര്‍ച്ച നടക്കുമ്പോഴാണ് എ.ബി.വി.പിയുടെ പേരിലുള്ള ഇത്തരത്തിലൊരു സമ്മാനം പാഴ്സലായി ലഭിച്ചത്.
Post Your Comments