തിരുവനന്തപുരം: ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം പാര്‍ലമെന്റ് സീറ്റില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാനുള്ള മുസ്ലീംലീഗ് നീക്കത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് മത്സരിപ്പിക്കരുതെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരി ശിഹാബ് തങ്ങളെ നേരില്‍കണ്ട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നത് കേരളത്തില്‍ യുഡിഎഫിനു തിരിച്ചടിയാകുമെന്നാണ് ഉമ്മന്‍ചാണ്ടി കണ്ടെത്തുന്ന വാദം. അതേസമയം കേരള രാഷ്ട്രീയത്തില്‍ തനിക്ക് ഇനി കൂടുതലായി ഒന്നും ചെയ്യാനില്ല എന്നാണ് സ്ഥാനാര്‍ഥിത്വ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുള്ളത്. മുസ്ലീംലീഗിന്റെ ദേശീമുഖമായി മാറാനും ഏതെങ്കിലും സാഹചര്യത്തില്‍ യുപിഎ അധികാരത്തിലെത്തിയാല്‍ കേന്ദ്രമന്ത്രി പദവും കുഞ്ഞാലിക്കുട്ടി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ആവശ്യം അനവസരത്തിലുള്ളതായിപ്പോയി എന്നാണ് കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ പറയുന്നത്. സംസ്ഥാനത്ത് കുഞ്ഞാലിക്കുട്ടി ഇല്ലെങ്കിലും യുഡിഎഫിന് പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. യുഡിഎഫിനെ സംബന്ധിച്ച് നിലവിലെ സാഹചര്യത്തില്‍ ഒരു നേതാവും അനിവാര്യത അല്ല എന്നാണ് സമീപകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. നാളെ കോഴിക്കോട് ചേരുന്ന ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കും. കെ.എം മാണി യുഡിഎഫ് വിട്ടതോടെ ഉണ്ടായ നേതൃക്ഷാമം കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നതോടെ രൂക്ഷമാകുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ആവശ്യം പൂര്‍ണമായും നിരാകരിക്കാനാണ് ലീഗ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്തുനിന്നും ശക്തനായ ഒരു സ്ഥാനാര്‍ഥി ഉണ്ടാകുമെന്നതിനാല്‍ കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനം.
Post Your Comments