റാന്നി:ഗോഡ്‌സന്റെ വീട്ടിലേക്കുള്ള വരവ് വി ഐ പികൾ പോലും തോൽക്കുന്ന തരത്തിൽ. പോലീസിന്റെയും നൂറു കണക്കിന് ആളുകളുടെയും സാന്നിധ്യത്തിലാണ് അവൻ വീട്ടിലേക്കു പ്രവേശിച്ചത്. ഗോഡ്സൺ എന്ന കുഞ്ഞ് ഇന്ന് നാടിന്റെ പ്രിയപ്പെട്ടവനാണ്. അവനെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടു പോയി പിന്നീട് കണ്ടെടുത്തതാണ് ജില്ലാ ആശുപത്രിയിൽ നിന്നും വ്യാഴാഴ്ചയാണ് അവനെ ഒരു സ്ത്രീ തട്ടിക്കൊണ്ടു പോയത്. പിന്നീട് അവൻ വാർത്തകളിൽ നിറയുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് അവനെ പോലീസ് കണ്ടുപിടിച്ചത്. റാന്നി മാടത്തും പടി കാവും മൂലയിൽ പാസ്റ്റർ സജി ചാക്കോ അനിത ദമ്പതികളുടെ കുഞ്ഞാണ് ഗോഡ്സൺ.
പ്രസവിച്ചതിന്റെ നാലാമത്തെ ദിവസമാണ് മാതാപിതാക്കളുമായി സൗഹൃദം സ്ഥാപിച്ചെത്തിയ വെച്ചൂച്ചിറ സ്വദേശിനി ബീന കുട്ടിയെ തട്ടിക്കൊണ്ടുപോയത്.പിന്നീട് സി സി ടി വിയും ഓട്ടോ റിക്ഷകളും ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച രാത്രി കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ഇവരെ ആറന്മുള പോലീസും പിന്നീട് റാന്നി പോലീസും വീട് വരെ പിന്തുടർന്ന്. നൂറു കണക്കിന് ആളുകൾ അവരെ യാത്രയയക്കാൻ ആശുപത്രിയിൽ തടിച്ചു കൂടിയിരുന്നു. പിന്നീട് വീട്ടിലും നൂറുകണക്കിന് പേര് കുഞ്ഞിന്റെ വരവും കാത്തു നിൽക്കുന്നുണ്ടായിരുന്നു.ബന്ധുക്കളും സുഹൃത്തുക്കളും മാധ്യമ പ്രവർത്തകരുമടക്കം നിരവധി പേരുടെ സ്വീകരണത്തോടെയുള്ള ഗോഡ്‌സന്റെ ഗൃഹ പ്രവേശം നാടിന് ആനന്ദമായി.
Post Your Comments