തൃശൂര്‍: ആത്മഹത്യയ്ക്ക് ശ്രമിച്ച പൊന്നാനി സ്വദേശിനിയായ പതിനഞ്ചുകാരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ മരിച്ചു. ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ തുങ്ങിമരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കുട്ടിയെ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗം നടന്നതായി ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളോട് സംശയമുന്നയിച്ചിരുന്നു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍ുകുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പോലീസും വടക്കാഞ്ചേരി മജിസ്‌ട്രേറ്റും ആശുപത്രിയിലെത്തി കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ നില മോശമായതിനാല്‍ സാധിച്ചില്ല. ഇതിനിടെയാണ് ഇന്ന് കുട്ടി മരണത്തിന് കീഴടങ്ങിയത്. ഇനി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.
പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ സൂചിപ്പിച്ചതുപോലെ ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെ സൂചനകളുണ്ടെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇതിനകം ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ജാഗ്രതയോടെയാകും പോലീസ് മുന്നോട്ടുപോകുക. പെണ്‍കുട്ടിയുടെ പിതാവ് കുറച്ചുദിവസങ്ങള്‍ക്കുമുന്‍പ് ഗള്‍ഫില്‍ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അവിടെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതിനിടെയാണ് മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
Post Your Comments