കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധുപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അടുത്തകാലത്തായി പിന്തുടരുന്ന തലശേരി സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പോലീസ് വ്യക്തമാക്കി. മിഷേലിന്റെ സുഹൃത്തുക്കളുടെ മൊഴിയില്‍ പറയുന്ന മറ്റൊരാളെയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒരു കാരണവശാലും മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് ബന്ധക്കള്‍. മാത്രമല്ല ആത്മഹത്യയെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളാന്‍ പോലീസ് ധൃതികാണിക്കുകയാണെന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
മാര്‍ച്ച് ആറിന് വൈകീട്ടാണ് മിഷേലിന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടുകിട്ടിയത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്കു പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പഠനത്തിലടക്കം എല്ലാ കാര്യങ്ങളിലും മിടുക്കിയായിരുന്ന മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും തറപ്പിച്ചു പറയുന്നു. കാണാതായ ദിവസം വൈകീട്ട് മിഷേല്‍ കലൂര്‍ പള്ളിയിലെത്തിയ സി.സി.ടി.വി. ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ തികച്ചും സാധാരണ മട്ടില്‍ പെരുമാറുകയും പ്രാര്‍ത്ഥിച്ചു പുറത്തിറങ്ങുന്നതും വ്യക്തമാണ്.
തിങ്കളാഴ്ച പരീക്ഷയായതിനാല്‍ വീട്ടിലേക്കു വരില്ലെന്നും വൈകീട്ട് കലൂര്‍ നൊവേന പള്ളിയില്‍ പോകുമെന്നും ഞായറാഴ്ച മൂന്നു മണിക്ക് അമ്മ സൈലമ്മയെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. ഹോസ്റ്റല്‍ അധികൃതരാണ് പള്ളിയില്‍ പോയ മിഷേല്‍ രാത്രി എട്ടായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിച്ചത്. ഉടൻ തന്നെ ബന്ധുക്കള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് സന്ധ്യക്കാണ് എറണാകുളം വാര്‍ഫിനു സമീപത്തു നിന്ന് മൃതദേഹം കിട്ടിയത്.
പരിക്കേറ്റതിന്റെയോ, ആക്രമിക്കപ്പെട്ടതിന്റെയോ തെളിവൊന്നും മൃതദേഹത്തിലുണ്ടായിരുന്നില്ല. ഒരു യുവാവുമായി മുമ്പ് കുട്ടിക്ക് സൗഹൃദമുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. ഇയാള്‍ പ്രണയാഭ്യര്‍ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്നിരുന്നു. കാണാതായ ദിവസം പെണ്‍കുട്ടിയുടെ ഫോണിലേക്ക് ഈ യുവാവിന്റെ കോള്‍ വന്നിരുന്നു. മൃതദേഹ പരിശോധനയിലെ സൂചനകള്‍ ആത്മഹത്യയിലേക്കാണ് നയിക്കുന്നത്. വിശദമായ ഫൊറന്‍സിക് റിപ്പോര്‍ട്ട് അടുത്ത ദിവസം ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് സൂചിപ്പിച്ചു. പെണ്‍കുട്ടി യുവാവുമായി അടുപ്പത്തിലായിരുന്നില്ലെന്നും ഇയാള്‍ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതായി മിഷേല്‍ സുഹൃത്തുക്കളോടു പരാതി പറഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു.
മാത്രമല്ല തലേന്ന് കാണാതായ മൃതദേഹം പിറ്റേന്നു വൈകീട്ട് കണ്ടെത്തുമ്പോള്‍ അല്പംപോലും അഴുകിയിരുന്നില്ല. വെള്ളത്തില്‍ വീണിട്ട് നാലു മണിക്കൂറിലധികമായി കാണില്ലെന്നാണ് മീന്‍പിടിത്തക്കാര്‍ ശരീരം കണ്ടിട്ട് പറഞ്ഞത്. മീന്‍ കൊത്തുകയോ, വയറില്‍ വെള്ളം ചെന്ന് വീര്‍ക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Post Your Comments