കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിനെ കൊച്ചി കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന നിലപാടിലുറച്ച് പോലീസ്. പെണ്‍കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അകന്ന ബന്ധു കൂടിയായ യുവാവിനെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് ആത്മഹത്യ സ്ഥിരീകരിക്കുന്നത്. ഈ ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് ജീവനൊടുക്കലിനു കാരണമെന്നാണു പോലീസ് നിലപാട്. യുവാവിനെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
പെണ്‍കുട്ടിയുമായി നേരത്തെ അടുപ്പമുണ്ടായിരുന്ന പിറവം സ്വദേശിയായ യുവാവിനെ ജോലി ചെയ്യുന്ന ഛത്തീസ്ഗഡില്‍നിന്നു വിളിച്ചു വരുത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നാണ് മരണം ആത്മഹത്യയെന്ന നിലപാടിലേക്ക് പോലീസിനെ എത്തിച്ചത്. മാര്‍ച്ച് അഞ്ചിന് വൈകുന്നേരം മിഷേലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതിനുമുന്പ് അവസാനമായി വന്ന കോള്‍ ഈ യുവാവിന്റേതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഇയാളെ ചോദ്യം ചെയ്തത്.
മിഷേലുമായുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്നു യുവാവ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. താന്‍ ചില തീരുമാനങ്ങളെടുത്തെന്നും അത് എന്താണെന്നു തിങ്കളാഴ്ച അറിയാമെന്ന് മിഷേല്‍ പറഞ്ഞിരുന്നതായും യുവാവ് പറഞ്ഞു. നാലാം തിയതി മിഷേലിന്റെ ഫോണിലേക്ക് യുവാവ് 57 സന്ദേശങ്ങള്‍ അയച്ചതായി പോലീസ് കണ്ടെത്തി. നാലു തവണ വിളിക്കുകയും ചെയ്തു. അഞ്ചാം തീയതി യുവാവ് മിഷേലിന് 32 എസ്എംഎസുകള്‍ അയച്ചതായും പോലീസ് കണ്ടെത്തി. ഈ യുവാവ് നേരത്തെ പെണ്‍കുട്ടിയുമായി വഴക്കുകൂടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി മിഷേലിന്റെ സുഹൃത്തുക്കള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
ഈ മാസം അഞ്ചിനാണ് പാലാരിവട്ടത്തെ സ്ഥാപനത്തില്‍ സിഎ വിദ്യാര്‍ഥിനിയായ മിഷേലിനെ കാണാതാവുന്നത്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലില്‍നിന്നു കലൂര്‍ പള്ളിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയും, പിറ്റേദിവസം വൈകുന്നേരം കായലില്‍നിന്നു മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
Post Your Comments