KeralaNews

റേഷന്‍ വിതരണത്തിനുള്ള അന്തിമപട്ടിക പ്രസിദ്ധീകരിച്ചു; എട്ടുലക്ഷംപേര്‍ പുറത്ത്‌

തിരുവനന്തപുരം: റേഷന്‍ വിതരണത്തിനുള്ള അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. കരടുപട്ടികയില്‍നിന്ന് എട്ടുലക്ഷംപേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. പകരം പുതുതായി എട്ടുലക്ഷംപേരെ ഉള്‍പ്പെടുത്തി. പുതിയ പട്ടികപ്രകാരം മേയ് ഒന്നിന് റേഷന്‍ വിതരണം തുടങ്ങും. അതുവരെ കരടുപട്ടിക പ്രകാരമുള്ള റേഷന്‍ വിതരണം തുടരുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. മെയ് മുതൽ ഇപ്പോള്‍ സൗജന്യ റേഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന എട്ടുലക്ഷം പേര്‍ക്ക് ആനുകൂല്യമുണ്ടാകില്ല. പുറത്തായവരില്‍ കൂടുതലും അനര്‍ഹരാണ് പക്ഷെ അര്‍ഹതയുള്ളവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ പരാതികള്‍ പരിശോധിച്ച് അര്‍ഹരാണെങ്കില്‍ വീണ്ടും ഉള്‍പ്പെടുത്തും.

16 ലക്ഷം പരാതികളാണ് കരടുപട്ടികയിന്മേല്‍ ലഭിച്ചത്. ഇതുപ്രകാരം പട്ടിക പുനഃക്രമീകരിച്ചപ്പോഴാണ് എട്ടുലക്ഷംപേര്‍ പുറത്തായത്. മുന്‍ഗണനപ്പട്ടിക റേഷന്‍കടകളിലും തദ്ദേശസ്ഥാപനങ്ങളിലും പരിശോധനയ്ക്ക് ലഭിക്കും. അക്ഷയകേന്ദ്രങ്ങളിലും ഇവ പരിശോധിക്കാം. സിവില്‍ സപ്ലൈസിന്റെ വെബ്‌സൈറ്റില്‍ അന്തിമപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1,54,80,040 പേരാണ് കേന്ദ്ര നിര്‍ദേശപ്രകാരം മുന്‍ഗണനപ്പട്ടികയില്‍ വരേണ്ടത്. മലപ്പുറം ജില്ലക്കാരാണ് ഇതില്‍ 21 ലക്ഷം പേര്‍ (13.5 ശതമാനം). ബി.പി.എല്‍. പട്ടികയില്‍ നേരത്തെ ഒമ്പതുലക്ഷം പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിനേക്കാള്‍ ഇത്രയധികംപേര്‍ എങ്ങനെ മുന്‍ഗണനപ്പട്ടികയില്‍ വന്നുവെന്നത് സംശയകരമാണ്.

ഇവിടത്തെ പട്ടിക വിശദപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ ജനസംഖ്യ കൂടുതലാണെങ്കിലും പിന്നാക്കജില്ലയല്ല. ഇതാണ് സംശയത്തിന് കാരണം. പാലക്കാട് ജില്ലയില്‍ ബി.പി.എല്‍. പട്ടികയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആറുലക്ഷംപേര്‍ അധികമായി മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രാമസഭകളുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. ഗ്രാമസഭകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചവരുടെ റേഷന്‍ തത്കാലം തടഞ്ഞുവെയ്ക്കും. മൂന്നുമാസത്തിനകം ഇവരുടെ ഭാഗം കേള്‍ക്കാന്‍ അവസരം നല്‍കും. അതിനുശേഷമേ ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കൂ.

സംസ്ഥാനത്ത് 94,000 അനര്‍ഹര്‍ പട്ടികയില്‍ കടന്നുകൂടിയതായാണ് കണക്ക്. 100 മാര്‍ക്ക് മുതല്‍ 15 മാര്‍ക്ക് വരെയുള്ളവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രാദേശിക സമിതികള്‍ നടത്തിയ പരിശോധനയിലാണ് അനര്‍ഹരെ കണ്ടെത്തിയത്. ഏപ്രില്‍ 30-നുമുമ്പ് റേഷന്‍കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാക്കും. കാര്‍ഡുകളുടെ അച്ചടി അന്തിമഘട്ടത്തിലാണ്. അതിനുശേഷം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരാതികള്‍ പരിശോധിക്കും. മൂന്നുമാസത്തിനകം പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.

shortlink

Post Your Comments


Back to top button