KeralaNews

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി വിപിന്‍ ആണ് അറസ്റ്റിലായത്. ഒമ്പതാം വാര്‍ഡിലെത്തി രോഗിയുടെ കേസ് ഷീറ്റില്‍ ഡോക്ടറെന്ന പേരിലെത്തി എഴുതുകയായിരുന്നു.

ഡോക്ടറുടെ കോട്ട് ധരിച്ച് ഒമ്പതാം വാര്‍ഡിലായിരുന്നു വിപിന്‍ എത്തിയിരുന്നത്. ഡോക്ടറാണെന്നും കേസ് ഷീറ്റ് കാണണമെന്നും രോഗിയോട് ആവശ്യപ്പെട്ടു. രോഗി കേസ് ഷീറ്റ് നല്‍കുകയും ഇയാള്‍ ഇതിലെന്തോ കുത്തിക്കുറിക്കുകയും ചെയ്തു. പിന്നീട് ഡ്യൂട്ടി ഡോക്ടറെത്തി രോഗിയെ പരിശോധിക്കുമ്പോഴാണ് കേസ് ഷീറ്റില്‍ എഴുതിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

രോഗിയോട് വിവരം ചോദിച്ചപ്പോള്‍ നേരത്തെ മറ്റൊരു ഡോക്ടര്‍ വന്ന് എഴുതിയതാണെന്ന് പറയുകയും ചെയ്തു. ഇതേതുടര്‍ന്ന് ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസിനോട് വിവരം പറയുകയും പോലീസ് അന്വേഷണം നടത്തുകയുമായിരുന്നു. രോഗിയില്‍ നിന്നും കൂട്ടിരിപ്പ് കാരില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കിയ പോലീസ് അധികം വൈകാതെ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് വച്ച് ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ വിപിനെ പിടികൂടുകയായിരുന്നു.

മോഷണമാണ് പ്രതിയുടെ ഉദ്ദേശമെന്നാണ് പോലീസിന്റെ സംശയം. ഒമ്പതാം വാര്‍ഡിലെ രോഗിയെ കൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിരവധി രോഗികളുടെ അടുത്ത് ഡോക്ടറെന്ന വ്യാജേന ഇയാള്‍ പോയിരുന്നതായി പോലീസ് വിവരം കിട്ടിയിട്ടുണ്ട്. ഇയാളെ അമ്പലപ്പുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വൈകീട്ട് അഞ്ചുമണിയോടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇയാള്‍ക്കെതിരെ സമാനമായ കേസുകളുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

shortlink

Post Your Comments


Back to top button