KeralaNews

നടിയെ ആക്രമിച്ച സംഭവം: അന്വേഷണം അവസാനിപ്പിക്കുന്നു

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. പത്ത് ദിവസത്തെ ചോദ്യംചെയ്യലിന് ശേഷവും മുഖ്യപ്രതി പള്‍സര്‍ സുനിയില്‍നിന്നോ കൂട്ടാളികളില്‍നിന്നോ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.

പള്‍സര്‍ സുനിയാണ് സംഭവം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ആലോചന. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, ഒപ്പം കീഴടങ്ങാനെത്തിയപ്പോള്‍ പോലീസ് കോടതി മുറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത കൂട്ടുപ്രതി വിജീഷ് എന്നിവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവര്‍ ഇപ്പോള്‍ കാക്കനാട് ജയിലിലാണ്.

ഇവരാണ് ഈ കേസിലെ മുഖ്യ പ്രതികള്‍. ഇരുവരെയും പത്തുദിവസം പൊലീസ് ചോദ്യം ചെയ്തിട്ടും ഗൂഢാലോചന, ക്വട്ടേഷന്‍ ബന്ധത്തിലേക്ക് വേണ്ടത്ര തെളിവ് ലഭിക്കാത്തതാണ് അന്വേഷണം അവസാനിപ്പിക്കാന്‍ കാരണം. മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തതും സുനി മൊഴിമാറ്റിപ്പറയുന്നതും പൊലീസിന് തലവേദനയുണ്ടാക്കിയിരുന്നു. മൊഴി മാറ്റിപ്പറയുന്ന സാഹചര്യത്തില്‍ നുണപരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് നീക്കം നടത്തിയെങ്കിലും ഈ ആവശ്യം സുനിയുടെ അഭിഭാഷകന്‍ നിരസിച്ചതോടെ പോലീസിന്റെ നീക്കം പിഴച്ചു. പ്രതിയുടെ അനുവാദമില്ലാതെ നുണപരിശോധനയ്ക്ക് വിധേയനാക്കാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ വിധി. സുനിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഗൂഢാലോചനയും ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഫോണ്‍ വിളികളും കണ്ടെത്താനായില്ല.

സുനി അഭിഭാഷകനെ ഏല്‍പിച്ച മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡില്‍ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുണ്ടെന്ന സ്ഥിരീകരിക്കാത്ത സൂചനകള്‍ മാത്രമാണ് ഇനിയുള്ള പോലീസിന്റെ പിടിവള്ളി. ഇതിന്റെ പരിശോധന ഫലം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോടതിയില്‍ മൊബൈല്‍ ഏല്‍പിച്ച അഭിഭാഷകന്‍, നിലവിലെ അഭിഭാഷകന്‍ എന്നിവര്‍ സുനിയുമായി സംസാരിച്ചു. നടിയെ ആക്രമിച്ച കാറില്‍നിന്ന് ലഭിച്ച വസ്തുക്കള്‍, പിന്തുടര്‍ന്ന ടെമ്പോ ട്രാവലര്‍, സുനിയുടെ സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍, അഭിഭാഷകനെ ഏല്‍പിച്ച മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫോറന്‍സിക്, സാങ്കേതിക പരിശോധനകളുടെ ഫലം പൊലീസിന് ലഭിക്കാത്തത് പോലീസിന്റെ അന്വേഷണത്തില്‍ തടസം സൃഷ്ടിക്കുകകയാണ്.

കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം പോലീസ് നടത്തുമ്പോഴും നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലെ ചില പൊരുത്തക്കേടുകള്‍ ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഇത് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിച്ചാലും പോലീസിന്റെ അന്വേഷണത്തിന് നേര്‍ക്ക് സംശയം അവശേഷിപ്പിക്കും. ഇതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. ആക്രമിച്ച സമയത്ത് ഇത് ക്വട്ടേഷനാണെന്ന് നടിയോട് പറഞ്ഞതായി അവരുടെ മൊഴിയില്‍ വ്യക്തമായിരുന്നു. ഇതുകൂടാതെ ദുബായി മനുഷ്യക്കടത്ത് കേസില്‍ സുനിക്ക് പങ്കുണ്ടെന്ന പി.ടി. തോമസ് എം.എല്‍.എയുടെ ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണവും എങ്ങുമത്തെിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button