KeralaNews

വൃഷ്ടിയജ്ഞത്തെ തുടര്‍ന്നാണോ കേരളകേരളത്തില്‍ പെയ്തത് ? ചര്‍ച്ചകളും വാഗ്വാദങ്ങളും മുറുകുമ്പോള്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കോഴിക്കോട് : സംസ്ഥാനത്ത് മാര്‍ച്ച് ആദ്യത്തില്‍ തന്നെ മഴ പെയ്തത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷവും തുലാവര്‍ഷവും കേരളത്തെ ചതിച്ചതാണ് ഇത്തവണ കേരളത്തെ കൊടുംവരള്‍ച്ചയിലേയ്ക്ക് നയിച്ചത്. വരള്‍ച്ചയില്‍ പൊറുതി മുട്ടിയ കേരളത്തെ രക്ഷിക്കാന്‍ നിയമസഭയില്‍ കൃത്രിമ മഴയെക്കുറിച്ച് വരെ ചര്‍ച്ചയെത്തി. അത്രമാത്രം രൂക്ഷമാണ് ഇത്തവണത്തെ വരള്‍ച്ച. എന്നാല്‍ മാര്‍ച്ച് ആദ്യവാരം മഴ പെയ്തത് നമുക്ക് അല്‍പ്പം ആശ്വാസമായി. ഈ മഴ പെയ്തത് എങ്ങനെയെന്നുള്ള ചില വിശദീകരണങ്ങളും അവകാശവാദങ്ങളും എത്തിത്തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍.
വൈദിക കാലത്ത് യജ്ഞങ്ങള്‍ ചെയ്ത് അന്തരീക്ഷത്തില്‍ മാറ്റം വരുത്തി മഴ പെയ്യിക്കുന്ന പതിവുണ്ടായിരുന്നതായി നാം വായിച്ചിട്ടുണ്ട്. അതുതന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നതെന്ന് അവകാശപ്പെടുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതി എം ആര്‍ രാജേഷ്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഴ പെയ്തത് വൃഷ്ടിയജ്ഞത്തിന്റെ ഫലമായാണെന്ന് ആചാര്യ എം ആര്‍ രാജേഷ് പറഞ്ഞിരിക്കുന്നത്. ഒടുവില്‍ പെയ്തിറങ്ങി! വരുണദേവന്‍ വിളികേട്ടു! എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്. ഇത് അത്ഭുത പ്രവൃത്തിയൊന്നും അല്ലെന്നും പുറകില്‍ ശാസ്ത്രമാണെന്നും പോസ്റ്റില്‍ വാദിക്കുന്നു അദ്ദേഹം.

ഇതാണ് ആചാര്യ എം ആര്‍ രാജേഷിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം…

ഞങ്ങള്‍ കഴിഞ്ഞ 11 ദിവസങ്ങളായി തുടര്‍ച്ചയായി ചെയ്തുപോന്ന വൈദികമായ വൃഷ്ടിയജ്ഞം മഴമേഘങ്ങളെ ആവാഹിച്ചുകൊണ്ടുവന്നു. എന്താണ് ഇതിലെ ശാസ്ത്രമെന്നല്ലേ!
ഫെബ്രുവരി 21 ചൊവ്വാഴ്ച മുതലാണ് വൈദികമായ വൃഷ്ടിയജ്ഞം ഞങ്ങളാരംഭിച്ചത്. മാര്‍ച്ച് 4ന് ശനിയാഴ്ചയോടെ മഴയുമെത്തി. അദ്ഭുതകരമായ ഒരു പ്രവൃത്തി അല്ലിത്. മറിച്ച് പ്രാചീന കാലത്തെ ശാസ്ത്രവിധിപ്രകാരമുള്ള മഴയുണ്ടാക്കല്‍ യജ്ഞമാണ്. യജ്ഞം ചെയ്യുന്നതിന് മുന്‍പ് അന്തരീക്ഷത്തിലെ ഊഷ്മാവ്, കാറ്റിന്റെ ഗതി. ജലസാന്ദ്രത എന്നിവ കണക്കാക്കി. ഇതിന്റെ തോത് അനുസരിച്ചാണ് യജ്ഞത്തില്‍വേണ്ട ആഹുതി നിജപ്പെടുത്തുന്നത്. പ്രധാനമായും രണ്ടുതരം ആഹുതികളാണ് വൃഷ്ടിയജ്ഞത്തില്‍ ചെയ്യേണ്ടത്. സോമീയ ആഹുതികളും വാരുണീ ആഹുതികളും.

വരണ്ടതും ചൂടുള്ളതുമായ കാലവസ്ഥയാണ് ഉള്ളതെങ്കില്‍ വായുവിലോഡനമാണ് ആദ്യം ചെയ്യേണ്ടതെന്ന് ഋഷിമാര്‍ പറയുന്നു. അതിന് ചെയ്യേണ്ടത് വാരുണീ ആഹുതികളാണ്. വാരുണീ ആഹുതികള്‍ വായുവിനെ കൂടുതല്‍ ചൂടുള്ളതാക്കും. അപ്പോള്‍ ഭൂമിയിലെയും കടലിലെയും ബാഷ്പീകരണ തോത് വര്‍ദ്ധിക്കും. അത് അന്തരീക്ഷത്തിലെ ജലസാന്ദ്രത വര്‍ധിപ്പിക്കും. ചൂടുകൂടിയ വായു മുകളിലേക്കുയരുകയും ആകാശത്തില്‍ ഘനീഭവിക്കുകയും ചെയ്യും. മേഘങ്ങള്‍ പതുക്കെ കണ്ടുതുടങ്ങും. ഞങ്ങള്‍ യജ്ഞം ചെയ്തപ്പോഴും ഇതു സംഭവിച്ചു. പക്ഷേ മഴ പെയ്യാന്‍ മാത്രമുള്ള അവസ്ഥ അപ്പോള്‍ രൂപപ്പെട്ടിട്ടുണ്ടാവില്ല.
ഈ ഘട്ടത്തില്‍ സോമീയ ആഹുതികളാണ് അര്‍പ്പിക്കേണ്ടതെന്ന് ഋഷിമാര്‍ പറയുന്നു. തുടര്‍ന്ന് പ്രാചീന ശാസ്ത്രങ്ങളില്‍ പറയുന്ന സോമീയ ആഹുതികള്‍ എന്തെന്ന് കണ്ടെത്തി. ചെറു ചെറു ജലകണങ്ങളെ പ്രാചീന ഭാരതീയ ശാസ്ത്രത്തില്‍ ‘ശ്രദ്ധ’ എന്നാണ് വിളിക്കുന്നത്. ഇവയെ കൂട്ടിയോജിപ്പിക്കുന്നതിനാണ് സോമീയ ആഹുതികള്‍ യജ്ഞകുണ്ഡത്തില്‍ ഹോമിക്കുന്നത്. ഹോമധൂമങ്ങള്‍ അന്തരീക്ഷത്തില്‍ പരക്കുന്നതോടെ കൂടുതല്‍ മഴമേഘങ്ങള്‍ ജനിക്കാനുള്ള മേഘ സാന്ദ്രീകരണ കേന്ദ്രങ്ങളായി (Cloud condensation nuclei) യജ്ഞത്തിലര്‍പ്പിക്കുന്ന ആഹുതികള്‍ പരിണമിക്കുന്നു. അതുതന്നെ ഇവിടെയും സംഭവിച്ചു. ആദ്യ ഏഴു ദിവസങ്ങള്‍ ഒരു നേരമേ വൃഷ്ടിയജ്ഞം അനുഷ്ഠിച്ചുള്ളൂ. തുടര്‍ന്ന് സോമീയ ആഹുതികള്‍ കൂടുതല്‍ ചെയ്തുകൊണ്ട് വൈകുന്നേരവും യജ്ഞം ആരംഭിച്ചു. അതോടെ കാറ്റിന്റെ ഗതി വടക്കുനിന്ന് തെക്കോട്ട് വ്യാപിച്ചതായി ശ്രദ്ധയില്‍പെട്ടു. കേരളത്തിലൊന്നാകെ വൃഷ്ടിയജ്ഞത്തിന്റെ ഫലവും കണ്ടുതുടങ്ങി. ഗായത്രി, ത്രിഷ്ടുപ്, ജഗതീ ഛന്ദസ്സുകളിലെ വിശേഷ മന്ത്രങ്ങള്‍ അന്തരീക്ഷത്തിലെ ചലനങ്ങള്‍ക്ക് ഋതം നല്‍കിയിരിക്കാം! ഈശ്വരനുമത് ആവട്ടെ എന്ന് അനുഗ്രഹിച്ചിരിക്കാം. അങ്ങനെ ‘നികാമേ നികാമേ നഃ പര്‍ജന്യോ വര്‍ഷതു’ ‘ആഗ്രഹിക്കുമ്പോള്‍ ആഗ്രഹിക്കുമ്പോള്‍ മഴ പെയ്യുമാറാകട്ടെ’ എന്ന യജുര്‍വേദ പ്രാര്‍ഥന സഫലമായിരിക്കുന്നു. യോഗക്ഷേമം പുലരട്ടെ നിത്യം ! യോഗക്ഷേമോ നഃ കല്പതാമ് !
പോസ്റ്റ് വന്നതോടെ കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ്. ഇതിനെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button