Interviews

പ്രണയത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന അഭാസത്തരങ്ങളെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്: പരസ്യമായി ചുംബിച്ചും കെട്ടിപ്പിടിച്ചും പ്രതിഷേധിക്കുന്നവര്‍ തെന്നെയാണ് യുവതലമുറയെ വഴി തെറ്റിക്കുന്നത്

 

ഒരു തെറ്റിനെ മറ്റൊരു വലിയ തെറ്റിനെകൊണ്ട് തിരുത്താന്‍ ശ്രമിക്കുന്ന വിരോധാഭാസത്തില്‍ ശിവസേന നേതാവ് പെരിങ്ങമല അജിയുമായി രഞ്ജിത്ത് എബ്രഹാം തോമസ്നടത്തുന്ന അഭിമുഖം

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ , കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ ചൂരല്‍ പ്രയോഗം കേരള നിയമസഭയെ പോലും പ്രക്ഷുബ്ദ്ധമാക്കിയിരിക്കുകയാണ്. ശിവസേനയുടെ നേതൃത്വത്തില്‍ അവിടെ നടന്നത് സദാചാര ഗുണ്ടായിസമാണെന്നും അതിന് പിന്നില്‍ സിപിഎം ആണെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. അതേസമയം ശിവസേനയെ വാടകക്ക് ഏടുത്ത് സദാചാര ഗുണ്ടായിസം കാട്ടിയത് പ്രതിപക്ഷം ആണെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. എന്നാല്‍ തങ്ങള്‍ നടത്തിയത് സദാചാര ഗുണ്ടായിസം അല്ലെന്നും ജനാധിപത്യ രീതിയുള്ള പ്രതിഷേധം മാത്രമാണെന്നും ശിവസേന നേതാക്കളും വ്യക്തമാക്കി. എന്തായാലും ഈ സംഭവവും തുടര്‍ന്നുള്ള പ്രതിഷേധങ്ങളുമാണ് പ്രബുദ്ധ കേരളത്തിലെ ഏറ്റവും പുതിയ ചര്‍ച്ചാ വിഷയം. ശിവസേനക്ക് മറുപടി എന്നവണ്ണം കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ നടത്തിയ ചുംബനസമരവും ഡിവൈഎഫ്ഐ നടത്തിയ സ്നേഹ ഇരുപ്പ് സമരവും സാസ്കാരിക കേരളം പുച്ഛിച്ച് തള്ളുകയും ചെയ്തു. ഇത്തരത്തിലുള്ള സമരമുറകള്‍ അരങ്ങേറിയതോടെ ആദ്യം ശിവസേനയെ കുറ്റപ്പെടുത്തിയവര്‍ പോലും അവര്‍ക്ക് അനുകൂലമായി രംഗത്ത് എത്തുകയും ചെയ്തു. ഈ അവസരത്തില്‍ ശിവസേന സംസ്ഥാന ഉന്നത അധികാര സമിതിയംഗം പെരിങ്ങമല അജിയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.

? മറൈന്‍ ഡ്രൈവില്‍ നടന്നത് യഥാര്‍ത്ഥത്തില്‍ സദാചാര ഗുണ്ടായിസം തന്നെയല്ലേ?

? ഒരിക്കലും അല്ല. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം മാത്രമാണ് അവിടെ നടന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മറൈന്‍ ഡ്രൈവില്‍ അനാശ്വാസ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്. കുടയുടെ മറവില്‍ അവിടെ കാട്ടിക്കൂട്ടുന്നവ പറയാന്‍ പോലും ലജ്ജ തോന്നുന്നു . ഇവിടെ എത്തുന്നവരില്‍ ഭൂരിപക്ഷവും സ്കൂളിലോ കോളജിലോ പഠിക്കുന്ന പെണ്‍കുട്ടികളാണ്. രാവിലെ ക്ളാസിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയിട്ട് ക്ളാസ് കട്ട് ചെയ്ത് ഇത്തരം അസന്മാര്‍ഗ്ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ മറൈന്‍ ഡ്രൈവില്‍ എത്തുന്നു. ഓരോ ദിവസവും ഓരോ യുവതികളെയാണ് പുരുഷന്‍മാര്‍ കൂട്ടിക്കൊണ്ടു വരുന്നത്. ഇവരുടെ ‘ലീലാ വിലാസങ്ങള്‍ ‘ കാരണം കുടുംബങ്ങള്‍ക്ക് പോലും ഇവിടേക്ക് വരാന്‍ കഴിയാത്ത അവസ്ഥയായി. ഇതിനെ പറ്റി ആദ്യം ഞങ്ങള്‍ പോലീസില്‍ പരാതി നല്‍കി. അതിന് ശേഷം മറൈന്‍ ഡ്രൈവിലും പരിസരങ്ങളിലും പോസ്റ്റര്‍ പതിപ്പിച്ചു. അതും കഴിഞ്ഞ് ഫ്ളക്സ് വച്ചും മുന്നറിയിപ്പ് നല്‍കി. ഇത്രയും കഴിഞ്ഞാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

? പോലീസില്‍ പരാതിപ്പെട്ടിട്ട് അവര്‍ നടപടി എടുത്തില്ലേ?

? പരാതി കൊടുത്തതിന്റെ അടുത്ത ദിവസം തന്നെ പോലീസ് അവിടെ എത്തുകയും സംശയാസ്പദമായി കണ്ടവരെ ചോദ്യം ചെയ്യുകയും ചെയ്തു. അന്ന് പോലീസ് ചോദ്യം ചെയ്തവരില്‍ ഒരു യുവതി പറഞ്ഞത് ഇങ്ങനെയാണെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. ”ഞാന്‍ ഒരു എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ്. എന്റെ കാര്യം നോക്കാന്‍ എനിക്ക് അറിയാം. മേലില്‍ ഇതാവര്‍ച്ചാല്‍ പോലീസിന്റെ സദാചാര ഗുണ്ടായിസത്തിനെതിരെ കേസ് നടത്തുമെന്നാണ് ”. ഇതാണ് അവിടത്തെ അവസ്ഥ !

? പക്ഷേ നിങ്ങള്‍ നടത്തിയ ‘ചൂരല്‍ പ്രയോഗം’ തെറ്റല്ലേ?

? ഞങ്ങള്‍ ചൂരല്‍ കൊണ്ട് ആരെയും അടിച്ചിട്ടില്ല. ചൂരല്‍ വീശുക മാത്രമാണ് ചെയ്തത്. പ്രതിഷേധ മാര്‍ച്ച് അവിടെ എത്തിയപ്പോള്‍, മോശമായ സാഹചര്യത്തില്‍ കണ്ടവരോട് പോകാന്‍ പറയുക മാത്രമാണ് ചെയ്തത്.

? കൊച്ചിയില്‍ സംഭവിച്ചത് ശിവസേന നേതൃത്വത്തിന്റെ അറിവോടെയാണോ?

? അല്ല, അതൊരു പ്രാദേശിക വിഷയമാണ്. മാത്രമല്ല പ്രേമത്തിനോ പ്രണയത്തിനോ ശിവസേന എതിരുമല്ല. പ്രേമത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ഇത്തരം പേക്കൂത്തുക്കളോടാണ് ഞങ്ങള്‍ക്ക് അമര്‍ഷം. ഈ സംഭവത്തിന് ശേഷം, നിരവധി മാതാപിതാക്കള്‍ ഞങ്ങളെ ബന്ധപ്പെടുകയും നിങ്ങള്‍ ചെയ്തതാണ് ശരിയെന്ന് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിലെ ഓരോ മാതാപിതാക്കളുടെയും ‘ആധിയാണ് ‘ ഇതില്‍ നിന്ന് മനസിലാകുന്നത്. അതേസമയം , ഞങ്ങളുടെ പേര് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

? പ്രകടനം അക്രമാസക്തമായിട്ടും പോലീസ് നോക്കി നിന്നെന്നാണല്ലോ കേള്‍ക്കുന്നത്?

? തെറ്റാണ്. കാരണം ക്രമസമാധാന പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ അത്തരത്തില്‍ വ്യാഖ്യാനിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. പോലീസിനെ പ്രതിക്കൂട്ടിലാക്കി സര്‍ക്കാരിനെതിരെ സംഭവം തിരിച്ചു വിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അത്.

? അതിനുശേഷം അവിടെ നടന്ന പ്രതിഷേധങ്ങളും അറിഞ്ഞു കാണുമല്ലോ?

? സങ്കടകരം… എന്തെല്ലാം ആഭാസ നാടകങ്ങളാണ് അവിടെ അരങ്ങേറിയത്. കേരളത്തില്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നാണ് ദിവസവും നമ്മള്‍ കേള്‍ക്കുന്നത്. എന്നാല്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ യാതൊരു നടപടിയും ഇല്ല. ഇത്തരം ആഭാസ സമരങ്ങള്‍ നടത്തുന്നവരാണ് കേരളത്തിന്റെ ശാപം.

ശിവസേന നേതാവ് പെരിങ്ങമല അജി പറഞ്ഞത് ഒരു വലിയ സത്യം തന്നെയാണ്. പരസ്യമായി ചുംബിച്ചും കേട്ടിപ്പിടിച്ചും പ്രതിഷേധിക്കുന്നവര്‍ തന്നെയാണ് ‘പലതും’ പരസ്യമായി ചെയ്യാന്‍ ഇന്നത്തെ യുവതയെ പ്രേരിപ്പിക്കുന്നത്. സദാചാരത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നത് പൂര്‍ണ്ണമായും തെറ്റാണ് . എന്നാല്‍ അതിലും വലിയ തെറ്റാണ് ഇതിന്റെ പേരും പറഞ്ഞുള്ള ആഭാസ സമരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button