Kerala

സി.പി.എമ്മിന്റെ നിരന്തര ആക്രമണത്തെ തുടര്‍ന്നു പലായനത്തിനൊരുങ്ങി മുസ്ലീം യുവതിയുടെ കുടുംബം

സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ നിരന്തരമായ ആക്രമണങ്ങളെ തുടര്‍ന്നു പലായനം ചെയ്യാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം നേമം സ്വദേശിനിയായ മുസ്ലീം യുവതി. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേമം മണ്ഡലം ജനറല്‍ സെക്രട്ടറികൂടിയ ബീഗം ആഷാ ഷെറിനും കുടുംബവുമാണ് താമസം മാറാന്‍ ഒരുങ്ങുന്നത്. ഇവര്‍ക്കെതിരേ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ വാര്‍ത്തകളില്‍ ഇടം തേടിയിരുന്നു. ഭര്‍ത്താവിന് മറ്റൊരു ജില്ലയിലാണ് ജോലി എന്നതിനാല്‍ യുവതിയും കുട്ടികളും വീട്ടില്‍ ഒറ്റക്കാണ്. ഓരോ ദിനവും രാപ്പകലില്ലാതെ ഭീതിയോടെയാണു കഴിഞ്ഞു കൂടുന്നതെന്നു യുവതി പറയുന്നു. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയുള്ള ആക്രമണങ്ങളെക്കുറിച്ച് പൊലീസിനും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും പരാതി നല്‍കിയെങ്കിലും ശക്തമായ പരിഹാരം ഉണ്ടാകുന്നില്ല.

മൂന്നു വര്‍ഷം മുമ്പ് തന്റെ വീടിന്റെ മുന്‍വശത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ ഒരുകൂട്ടം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒരാളെ വെട്ടുകത്തിയും വാളും ഉപയോഗിച്ച് വെട്ടുന്ന കാഴ്ച കണ്ണില്‍പ്പെടുകയും ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറുകയും ചെയ്തതോടെയാണ് പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരുടെ കണ്ണിലെ കരടായി താന്‍ മാറിയതെന്നു ആഷ ഷെറിന്‍ പറയുന്നു. ഈ സംഭവത്തിനുശേഷം സി.പി.എം തനിക്കെതിരേ നിരന്തരം ആക്രമണം നടത്തുകയാണ്. കാര്‍ തല്ലി തകര്‍ക്കുകയും ഭര്‍ത്താവിനെതിരെ കള്ളക്കേസ് കൊടുക്കുകയും ചെയ്തു. കുട്ടികള്‍ക്ക് ഒറ്റക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമായി. മദ്യപിച്ചുവരുന്ന ആളുകള്‍ തന്റെ വീടിനു മുന്നില്‍ വന്ന് ബഹളം വയ്ക്കുന്നതും പതിവാണ്. താന്‍ നല്‍കുന്ന പരാതികളില്‍ പൊലീസും പ്രതികളെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കസ്റ്റഡിയില്‍ എടുക്കുന്ന പ്രതികളെ ജാമ്യത്തില്‍ വിടുകയാണ് പതിവ്. ജനുവരി 15നു കുടുംബവീട്ടിലേക്ക് നടന്നുപോകുകയായിരുന്ന തന്നെ നാലുപേര്‍ ചേര്‍ന്ന് വഴിയില്‍ തടഞ്ഞുനിര്‍ത്തി വസ്ത്രം വലിച്ചുകീറി അധിക്ഷേപിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ മാത്രമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുശേഷം ചിലരെത്തി തന്നെ ഭീഷണിപ്പെടുത്തി. വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ തീര്‍ത്തുകളയുമെന്നും തുണിയില്‍ പൊതിഞ്ഞു, പായയില്‍ കെട്ടിപെറുക്കി കൊണ്ടുപോവേണ്ടിവരും എന്നു നിരന്തര ഭീഷണി തുടരുകയാണെന്നും ആഷ ഷെറിന്‍ പറയുന്നു.

അക്രമങ്ങള്‍ വാര്‍ത്തയായിട്ടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തെ മഹിളാ സംഘടനകളോ സാംസ്‌കാരി നായകരോ രംഗത്തിറങ്ങിയില്ല എന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ തനിക്കെതിരായ അതിക്രമങ്ങളെ തുറന്നുകാട്ടാന്‍ വാര്‍ത്താസമ്മേളനം നടത്താന്‍ ഒരുങ്ങുകയാണ് ആഷാ ഷെറിന്‍.

shortlink

Post Your Comments


Back to top button