നിരഞ്ജന്‍ദാസ് എഴുതുന്നു
ഇന്നലെ കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരേ കേരളത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. അതിന്റെ തുടര്‍ച്ചയെന്നോണം ഇന്ന് കേരള നിയമസഭയും പ്രക്ഷുബ്ദമായി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ എം.എല്‍.എമാരുടെ വെല്ലുവിളികളും സഭയെ ശബ്ദമുഖരിതമാക്കി. ഈ സാഹചര്യത്തിലാണ് ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണെന്ന ആക്ഷേപം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയത്. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്നു വ്യാഖ്യാനിക്കാനും ആഭ്യന്തരവകുപ്പിനെ കുറ്റപ്പെടുത്താന്‍ ആയുധം ഒരുക്കാന്‍ പ്രതിപക്ഷം നടത്തിയ നീക്കമാണ് ശിവസേനയുടെ ഇടപെടലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ഉള്ളടക്കം. അതേസമയം കേരളത്തില്‍ വിരലില്‍ എണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമുള്ള ശിവസേനക്ക് അപ്രതീക്ഷിത പ്രചാരം കൈവരുന്ന സ്ഥിതിയിലേക്കാണ് ഇന്നലെ കൊച്ചിയിലും ഇന്ന് നിയമസഭയിലും അരങ്ങേറിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയില്‍ കരുത്തുള്ള ശിവസേന കേരളത്തില്‍ നാമമാത്രമായി പ്രവര്‍ത്തനമുള്ള ഒരു സംഘടനയാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുവരെയും എന്‍.ഡി.എ സര്‍ക്കാരില്‍ നിലവിലും ഘടകകക്ഷിയായി ബി.ജെ.പിയുമായി സഖ്യത്തില്‍ ഉള്ള പാര്‍ട്ടിയാണ് ശിവസേന. എന്നാല്‍ കേരളത്തിലെ ബി.ജെ.പിയും ശിവസേനയും പണ്ടേ ചതുര്‍ത്ഥിയിലാണ്. കേരളത്തില്‍ ബി.ജെ.പി നിയന്ത്രിത സംഘപരിവാറിന്റെ ഭാഗമാകാന്‍ ശിവസേന ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എക്കാലവും ഇവിടെ ബി.ജെ.പി നിലപാടിന് എതിരെ പ്രത്യക്ഷ അഭിപ്രായവുമായാണ് ശിവസേന നിലനില്‍ക്കുന്നത്. ബി.ജെ.പിക്ക് അല്‍പമെങ്കിലും സ്വാധീനമുള്ള പ്രദേശങ്ങളില്‍ അവര്‍ക്കെതിരെ മത്സരിക്കുകയാണ് ശിവസേനയുടെ പ്രധാന വിനോദം. തിരുവനന്തപുരം നഗരമേഖലയിലാണ് കേരളത്തില്‍ ശിവസേനക്ക് അല്‍പമെങ്കിലും വേരോട്ടമുള്ളത്. അവിടെ അവര്‍ പ്രത്യക്ഷത്തില്‍ സഹായിക്കുന്നത് സി.പി.എമ്മിനെയാണ്. ഈ സാഹചര്യത്തില്‍കൂടിയാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ പ്രസ്താവന. തിരുവനന്തപുരത്ത് ശിവസേന അറിയപ്പെടുന്നത് ശിവന്‍കുട്ടിസേന ആണെന്നായിരുന്നു സുരേന്ദ്രന്റെ ആക്ഷേപം. ഒരു പരിധിവരെ അതില്‍ വാസ്തവം ഉണ്ടുതന്നെ.
വി.ശിവന്‍കുട്ടി എന്ന തിരുവനന്തപുരത്തെ മുതിര്‍ന്ന സി.പി.എം നേതാവിനെ പല കാര്യങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നത് ശിവസേന ആണെന്നു ഇടതുമുന്നണിയില്‍പോലും ആര്‍ക്കും തര്‍ക്കമില്ല. ഏതായാലും കൊച്ചി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശിവസേനയെ എല്‍.ഡി.എഫും യു.ഡി.എഫും തള്ളിപ്പറയുമ്പോള്‍ ആരായിരുന്നു ഇവരെ വാടകയ്‌ക്കെടുത്തതെന്നും നിലവില്‍ സംരക്ഷിക്കുന്നതെന്നും ഉത്തരം പറയാനുള്ള ഉത്തരവാദിത്തം ഇരുമുന്നണികള്‍ക്കുമുണ്ട്.
Post Your Comments