Prathikarana Vedhi

തോമസ് ഐസകിന്റെ സാമ്പത്തിക ശാസ്ത്രം തിരിഞ്ഞുകൊത്തുമ്പോള്‍- അഡ്വ.വീണ എസ്.നായര്‍ എഴുതുന്നു

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ സാമ്പത്തിക പരാജയങ്ങള്‍ തുറന്ന് കാട്ടാന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക് ഒരു ധവളപത്രം പുറത്തിറക്കുകയുണ്ടായി. അതിലെ പ്രധാനപ്പെട്ട വിമര്‍ശനങ്ങള്‍ ഇവയായിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണ്. ഇതിനു പ്രധാനപ്പെട്ട കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി പദ്ധതി വിഹിതത്തിന്റെ വെറും 70 ശതമാനം മാത്രമാണ് ചിലവഴിക്കാന്‍ കഴിഞ്ഞത്. പദ്ധതി വിഹിതത്തിന്റെ ഭൂരിഭാഗവും ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിനാണ് നീക്കി വച്ചിരിക്കുന്നത് കൊണ്ട് പദ്ധതിയുടെ മുഴുവനും തുകയും ചിലവഴിക്കാത്തതിനാല്‍ ദരിദ്ര ജനവിഭാഗങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. എന്നാല്‍ ബഹു: ഡോ.തോമസ് ഐസക്ക് ധനമന്ത്രി ആയതിനു ശേഷമുള്ള 2016-17 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ചെലവ് വെറും 40 ശതമാനത്തില്‍ താഴെയാണ്. അധികാര വികേന്ദ്രീകരണം നടപ്പിലാക്കാന്‍ ചുക്കാന്‍ പിടിച്ച ഡോ.ഐസക്കിന്റെ കാലത്ത് (2016-17ല്‍) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ചത് 30 ശതമാനം മാത്രം. 70% പദ്ധതി ചെലവ് ഉണ്ടായിരുന്ന യു ഡി എഫ് കാലഘട്ടം പരാജയമാണെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ എല്‍ ഡി എഫ് ഇന്റെ പ്രകടനത്തെ നമ്മുക്ക് എന്ത് വിളിക്കാം?

ധവള പത്രത്തിലെ മറ്റൊരു വിമര്‍ശനം സാമ്പത്തിക സൂചികകള്‍ കൂടി എന്നതാണ്. കേരളം ഫിസ്‌ക്കല്‍ റെസ്‌പോണ്‌സിബിലിറ്റി ആക്ട് 2013 ലെ നിര്‍ദേശങ്ങള്‍ പ്രകാരം റവന്യൂ കമ്മി ഇല്ലാതാക്കുകയും ധനകമ്മി ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനം ആക്കുകയും ചെയ്യണം. മികച്ച സാമ്പത്തിക വിദഗ്ദനായ ഡോ.തോമസ് ഐസക്കിന്റെ ബഡ്ജറ്റില്‍ സാമ്പത്തിക അച്ചടക്കം തീരെ കുറവാണെന്ന് നമുക്ക് കാണാന്‍ സാധിക്കും. 2015-16 ലെ കണക്കുകള്‍ പ്രകാരം റവന്യൂ കമ്മി ആഭ്യന്തര വരുമാനത്തിന്റെ 1.64 ശതമാനം ആയിരുന്നെങ്കില്‍ 2017-18 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം അത് 2.14 ശതമാനമാകും. 2015-16 ലെ കണക്കുകള്‍ പ്രകാരം ധന കമ്മി ആഭ്യന്തര വരുമാനത്തിന്റെ 3.03 ശതമാനം ആയിരുന്നെങ്കില്‍ 2017-18 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം അത് 3.44 ശതമാനമാകും. ഇതെല്ലാം മെല്‍പ്പറഞ്ഞ ആക്ടിന് വിപരീതമാണ്. പൊതു കടത്തിന്റെ കാര്യത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2015-16 ലെ കണക്കുകള്‍ പ്രകാരം ആഭ്യന്തര വരുമാനത്തിന്റെ 26.75 ശതമാനം ആയിരുന്നെങ്കില്‍ 2017-18 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം അത് 27.68 ശതമാനമാകും.

യു ഡി എഫ് കാലഘട്ടത്തിലെ സാമ്പത്തിക സൂചികളെ വിമര്‍ശിക്കുന്ന ധനമന്ത്രി കണ്ണടച്ച് ഇരുട്ടാകുകയാണ് ചെയ്തത്. പതിനാലാം ഫിനാന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ 2015-16 മുതല്‍ സംസ്ഥാനത്തിനുള്ള വിഹതം 32 ശതമാനത്തില്‍നിന്നും 42 ആയി ഉയര്‍ത്തിയിരുന്നു. ഈ വസ്തുത മറച്ചു വച്ചാണ് ധനമന്ത്രി കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. ധവള പത്രത്തിലെ മറ്റൊരു വിമര്‍ശനം വ്യക്തമായ ഫണ്ട് ഇല്ലാതെ ഒരുപാട് പദ്ധതികള്‍ പ്രഖ്യാപിച്ചു എന്നതാണ്. സംസ്ഥാന ബഡ്ജറ്റില്‍ മൂലധന ചെലവ് കുറഞ്ഞു വരുന്നു എന്നും വിമര്‍ശനമുണ്ട്.

എന്നാല്‍ ഈ വര്‍ഷത്തിലെ ബഡ്ജറ്റില്‍ വെറും 1024 കോടി കടം മേടിച്ച കാശു മാത്രമുള്ള കിഫ്ബിയിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് 25,000 കോടി രൂപയുടെ പദ്ധതികളാണ്. അതില്‍ വരുമാനം ഇല്ലാത്ത സൗജന്യ ഇന്റര്‍നെറ്റും മലയോര റോഡുകളും ഉള്‍പ്പെടുന്നു. കിഫ്ബിയുമായി ഏറ്റവും സാമ്യം തോന്നിയത് കുറി കമ്പനിയുമായാണ്. മൂലധന ചിലവിന്റെ കാര്യത്തിലും കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ 2015-16 കാലഘട്ടത്തെ അപേക്ഷിച്ച കുറവാണ് സംഭവിച്ചത്. ആഭ്യന്തര വരുമാനത്തിന്റെ 1.42 ആയിരുന്ന മൂലധന ചെലവ് 1.33 ശതമാനമായി കുറഞ്ഞിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button