
തിരുവനന്തപുരം: വാളയാര്‍ പീഡനത്തില്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
സ്‌കൂള്‍ വിദ്യാര്‍ഥിനികളായ രണ്ടുപെണ്‍കുട്ടികളാണ് ഒന്നരമാസത്തിനിടെ സമാനമായ രീതിയില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മൂത്ത കുട്ടി മരിച്ചത് പീഡനം മൂലമെന്നു വാര്‍ത്ത വന്നിട്ടും പോലീസ് അലംഭാവം കാണിച്ചു. ഇതാണ് ഇളയ കുട്ടിയുടെ മരണത്തിനു കാരണമായത്. ഈ കുട്ടിയും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇതിനെല്ലാം പ്രതികള്‍ക്ക് ഒത്താശ ചെയ്ത പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പാലക്കാട് ശിശുക്ഷേമ സമിതി പുലര്‍ത്തിയ നിഷ്‌ക്രിയത്വത്തെ കുറിച്ചും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം ഭാഗ്യവതിയുടെ മകള്‍ ശരണ്യ (9) യെയാണ് കഴിഞ്ഞദിവസം വൈകിട്ട് വീടിനകത്ത് ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. പിതാവ് ഷാജിയാണ് തൂങ്ങിമരിച്ച നിലയില്‍ ശരണ്യയെ ആദ്യം കാണുന്നത്. ജനുവരി 12ന് ശരണ്യയുടെ ചേച്ചി ഋതിക(14)യെ ഇതേസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
ജനുവരിയില്‍ മരിച്ച മൂത്തകുട്ടി പല തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് മാതാവ് പോലീസിന് മൊഴി നല്‍കി. അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടപ്പോള്‍ ഇയാളെ താക്കീത് ചെയ്തിരുന്നുവെന്നും അമ്മ മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച രണ്ടു കുട്ടികളും ലൈംഗീകപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന.
Post Your Comments