മുംബൈ: വിവാദ പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റെ സഹോദരിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. സമന്‍സ് അയച്ചതിനെതുടര്‍ന്നാണ് സാക്കീര്‍ നായിക്കിന്റെ സഹോദരി നൈല നൂറാനി ചോദ്യം ചെയ്യലിന് ഹാജരായത്.
വിദ്വേഷപ്രസംഗം നടത്തിയെന്ന പേരില്‍ സാക്കീര്‍ നായിക്കിനെതിരേ നിരവധി പരാതികളാണ് ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് ഐഎസ് സംഘത്തില്‍ ചേരാനായി നിരവധി ചെറുപ്പക്കാര്‍ പോയ സംഭവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ആരോപണ വിധേയനായിരുന്നു. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും അധ്യക്ഷനുമായ ഇദ്ദേഹത്തിന്റെ തീവ്രസ്വഭാവത്തിലുള്ള പ്രസംഗങ്ങളും ഉദ്‌ബോധനങ്ങളും യുവാക്കളെ തീവ്രവാദ ആശയത്തിലേക്ക് നയിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഇദ്ദേഹത്തിന്റെ പീസ് ടിവി ചാനലിലൂടെയുള്ള പ്രസംഗം തീവ്രവാദ ആശയം പ്രചരിപ്പിക്കുന്നുവെന്നും വര്‍ഗീയവിഷം കുത്തിവയ്ക്കുവെന്നുമാണ് ആരോപണം.
ബംഗ്ലാദേശിലെ ധാക്കയില്‍ കഴിഞ്ഞവര്‍ഷം നടന്ന സ്‌ഫോടനപരമ്പരയുമായി ബ്ന്ധപ്പെട്ട് പിടിയിലായവര്‍, സാക്കീര്‍ നായിക്കിന്റെ പ്രബോധനങ്ങളാണ് തങ്ങളെ ആക്രമണങ്ങളിലേക്ക് നയിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണത്തില്‍ നിന്ന് രക്ഷപെടാനായി രാജ്യം വിട്ട സാക്കീര്‍ നായിക്ക് സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുന്നുവെന്നാണ് കരുതപ്പെടുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടും സാക്കീര്‍ നായിക്കിനെതിരേ അന്വേഷണം നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സഹോദരിയെ ഇ.ഡി വിളിച്ചുവരുത്തിയത്. സാക്കിര്‍ നായികിന്റെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ലോങ്‌ലാസ്റ്റ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ ഡയറക്ടറാണ് നൈല നൂറാനി.
നിഷ്‌ക്രിയമായ ഈ കമ്പനിയുടെ അക്കൗണ്ടില്‍ നടന്ന 25 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡി ഇവരെ ചോദ്യംചെയ്യുന്നത്. ഇതിനു പുറമെ പണമിടപാടിനും മറ്റുമായി ഉണ്ടാക്കിയ അഞ്ചോളം ഷെല്‍ കമ്പനികളിലും സൈനല നൂറാനി ഡയറക്ടറാണെന്ന് ഇ.ഡി ആരോപിക്കുന്നു. ഇതെ വിഷയത്തില്‍ നൈലയെ മൂന്ന് തവണ നേരത്തേ എന്‍.ഐ.എയും ചോദ്യം ചെയ്തിരുന്നു. ഡല്‍ഹി കാര്യാലയത്തില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. തന്റെ ഡയറക്ടര്‍ പദവി രേഖകളില്‍ മാത്രമാണെന്നും തീരുമാനങ്ങളും ഇടപാടുകളും നടത്തിയത് സഹോദരന്‍ സാകിര്‍ നായികാണെന്നുമാണ് നൂറാനി എന്‍.ഐ.എക്ക് മൊഴി നല്‍കിയത്. ആവശ്യപ്പെട്ടപ്പോള്‍ രേഖകളില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. ഇതേ മൊഴിയാണ് സാകിര്‍ നായികിന്റെ ജേഷ്ഠനും നല്‍കിയത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ സാക്കിര്‍ നായികുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നടത്തിയ 200 കോടി രൂപയുടെ ഇടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്. പണമിടപാടിന് സഹോദരങ്ങളുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ചതായി പറയുന്ന ഇ.ഡി പല കമ്പനികളിലും ഇവര്‍ ഡയറക്ടര്‍മാരാണെന്നും ആരോപിക്കുന്നു. സാകിര്‍ നായികിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന കമ്പനി ഡയറക്ടര്‍ ആമിര്‍ ഗസ്ദര്‍ ഇ.ഡിയുടെ കസ്റ്റഡിയിലാണ്.
ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് സാക്കീര്‍ നായിക്കിന് ദേശീയ അന്വേഷണസംഘം (എന്‍ഐഎ) നോട്ടീസ് അയച്ചു. ഈ മാസം 14 ന് എന്‍ഐഎ ആസ്ഥാനത്ത് എത്താനാണ് നിര്‍ദേശം.
Post Your Comments